സാക്കി‍ര്‍ നായിക്കിനെതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്

By Web TeamFirst Published Jun 9, 2019, 1:12 PM IST
Highlights

സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് നടപടി

ദില്ലി: വിവാദ ഇസ്ലാമിക് പ്രഭാഷകൻ  സാക്കിര്‍ നായിക്കിനെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് വീണ്ടും ഇന്റ‍ർപോളിനെ സമീപിച്ചിരിക്കുന്നത്. സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോ‍ർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റ‍ര്‍പോൾ റെഡ് കോ‍ർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം. മലേഷ്യ ഇന്റര്‍പോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവര്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു.

സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുടെയും, ശത്രുത വളര്‍ത്താൻ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.

 

click me!