
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ചട്ടുകമാക്കിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇഡിയെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആയുധമാക്കി മാറ്റുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായതിനിടെയാണ് ഇക്കാര്യത്തില്‍ മോദിയുടെ മറുപടി. എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റന് അഴിമതി തടയണമെന്ന നിര്‍ദേശം മാത്രമാണ് നല്‍കിയെതന്നും അന്വേഷണ ഏജന്‍സിയെ ചട്ടുകമാക്കിയിട്ടില്ലെന്നും മോദി പറഞ്ഞു.
ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്താണ് ഇഡി ഇതിനോടകം പിടിച്ചെടുത്തിട്ടുള്ളത്. തന്നെ ഇഡിയുടെ പേരിൽ ആക്ഷേപിക്കുന്നത് അഴിമതിക്കാരാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനിടയിലാണ് ഇഡി ആരോപണങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ആദ്യമായാണ് ആരോപണത്തിന് മോദി മറുപടി നല്‍കുന്നത്.
ബി ജെ പി- എൻ ഡി എ സഖ്യം തെരഞ്ഞെടുപ്പിന് സജ്ജമെന്നാണ് വോട്ടെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. സത് ഭരണം മുൻനിർത്തിയാണ് ജനങ്ങളിലേക്ക് പോകുന്നത്. രാജ്യം പുതിയ റെക്കോർഡുകൾ വികസനത്തിൽ സൃഷ്ടിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ഭിന്നിപ്പിക്കൽ നിലപാട് ജനങ്ങൾ അംഗീകരിക്കില്ല. മൂന്നാം അവസരത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രതിപക്ഷത്തിന്‍റെ എഴുപത് വർഷത്തെ ഭരണത്തിന്‍റെ വിടവുകൾ നികത്തിയെന്നും നരേന്ദ്ര മോദി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു. ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തില്‍
ചില വിദേശ രാജ്യങ്ങളുമായുള്ള കരാറുകളും ചര്‍ച്ചയാകും.
ഇതിനിടെ, വോട്ടെടുപ്പ് ഷെഡ്യൂളില്‍ കടുത്ത എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. കോൺഗ്രസിനു പിന്നാലെ തൃണമൂലും ബിഎസ്പിയും എൻസിപിയും എതിർപ്പറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കുമെന്ന് പാർട്ടികൾ വ്യക്തമാക്കി. മൂന്നോ നാലോ ഘട്ടങ്ങളിൽ പൂർത്തിയാക്കണമായിരുന്നു എന്ന് മായാവതി അഭിപ്രായപ്പെട്ടു. ഏഴു ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam