ബംഗാൾ മന്ത്രി പാർത്ഥയുടെ സഹായി അർപിതയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു

By Web TeamFirst Published Jul 27, 2022, 11:20 PM IST
Highlights

 ഇഡി നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. നേരത്തെ 20 കോടിയോളം രൂപ കണ്ടെടുത്തിരുന്നു. 

ദില്ലി: അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു. ഇഡി നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. നേരത്തെ 20 കോടിയോളം രൂപ കണ്ടെടുത്തിരുന്നു. പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിതയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഡി പാർത്ഥ ചാറ്റർജിയുടെ വസതിയിലും റെയ്ഡ് നടത്തുകയും ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്‍റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപ്പിത പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്‍റെ വീട്ടിൽ വരുമായിരുന്നു. തന്‍റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോ​ഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്നും അർപിത മുഖർജി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. 

മുറിയിൽ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. ബം​ഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റർജിയെ പരിചയപ്പെടുത്തിയത്. 2016 മുതൽ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അർപ്പിത പറഞ്ഞു. പാർത്ഥ ചാറ്റർ‌ജിയെ ഓ​ഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

എംപിമാരെ തിരിച്ചെടുക്കാൻ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, രാത്രിയിലും തുടരുന്നു;ജിഎസ്‍ടിയില്‍ അയഞ്ഞ് കേന്ദ്രം

പാർലമെന്‍റില്‍ എംപിമാർക്കെതിരായ നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. രാജ്യസഭയിൽ നിന്ന് എഎപി നേതാവ് സഞ്ജയ് സിംഗിനെയും സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ രാത്രിയും പകലും പ്രതിഷേധം തുടരാനാണ് തീരുമാനം. രാജ്യസഭയിൽ നിന്ന് വെള്ളിയാഴ്ച വരെ പുറത്താക്കിയ അംഗങ്ങളും ഗാന്ധി പ്രതിമയ്ക്കടുത്ത് ധർണ്ണ തുടരുകയാണ്. എഎപി അംഗം സഞ്ജയ് സിംഗിനെ കൂടി ഇന്ന് സസ്പെൻഡ് ചെയ്തു. പേപ്പർ വലിച്ചുകീറി ചെയറിന് നേരെ എറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

ഇവരെ തിരിച്ചെടുക്കുന്നതു വരെ സഭാ നടപടികളോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കൊവിഡ് കാരണം വിശ്രമിക്കുന്ന ധനമന്ത്രി എത്തിയിട്ടേ ജിഎസ്ടി വിഷയത്തിൽ ചർച്ചയുള്ള എന്നായിരുന്നു സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാൽ എപ്പോൾ വേണമെങ്കിലും ചർച്ചയാവാം എന്ന് ഇന്ന് സർക്കാർ നിലപാട് തിരുത്തി. എന്നാൽ അംഗങ്ങൾക്കെതിരായ നടപടി പിൻവലിക്കും വരെ സഹകരണം ഇല്ലെന്നാണ് പ്രതിപക്ഷ തീരുമാനം. രാത്രിയും പകലും ധർണ്ണ തുടരും. അടുത്തയാഴ്ച ചർച്ച നടത്തി ഒത്തുതീർപ്പിലെത്താനാണ് സർക്കാർ നീക്കമെന്നാണ് സൂചന. 

click me!