Enforcement : കേരളത്തിലെ ജ്വല്ലറിയിൽ നിന്ന് കോടികളുടെ സ്വർണം വാങ്ങി, തമിഴ്നാട് മുൻ മന്ത്രി ഇഡിക്കുരുക്കിൽ

By Web TeamFirst Published Nov 29, 2021, 12:02 PM IST
Highlights

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമ (Jewellery owner) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയെ ഇ ഡി ചോദ്യം ചെയ്യുന്നത്.

കൊച്ചി: കേരളത്തിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് കോടിക്കണക്കിന് രൂപയ്ക്ക് സ്വര്‍ണം വാങ്ങിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് തമിഴ്നാട് (Tamil Nadu) മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ സി വിജയ്ഭാസ്കറെ  (C Vijaya Baskar) എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

ആലപ്പുഴ സ്വദേശി ശര്‍മിളയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തത്. രണ്ടരക്കോടി രൂപയുടെ സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു ജ്വല്ലറിയുടമ ശര്‍മിളയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിജയഭാസ്കറിനെ സ്വര്‍ണം വാങ്ങാന്‍ പരിചയപ്പെടുത്തിയതിന് തനിക്ക് കമ്മിഷനായാണ് സ്വര്‍ണം ലഭിച്ചത് എന്നാണ് ശര്‍മിളയുടെ വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്നാണ് ഇഡി കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജയ്ഭാസ്ക്കറിനെതിരെ തമിഴ്നാട്ടല്‍ വിജിലന്‍സും സിബിഐയും കേസെടുത്തിട്ടുണ്ട്. വിജയ്ഭാസ്കര്‍ 14 കോടി രൂപ തട്ടിച്ചുവെന്നും പണം തിരികെ ആവശ്യപ്പെടുമ്പോള്‍ ഭീഷണിപ്പെടുത്തുന്നെന്നും ചൂണ്ടിക്കാട്ടി ശര്‍മിള തിരുനെല്‍വേലി ഡിഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ, തമിഴ്നാട്ടിൽ അനധികൃത ഗുഡ്ക വ്യാപാരത്തിന് ഒത്താശ ചെയ്യാൻ ആരോഗ്യമന്ത്രി സി വിജയഭാസ്കർ കോഴ വാങ്ങിയതിന്‍റെ രേഖകൾ പുറത്തായത് വിവാദമായിരുന്നു. മന്ത്രിയ്ക്ക് പുറമേ ഡിജിപി ടി കെ രാജേന്ദ്രനും മുൻ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എസ് ജോർജും പ്രമുഖ ഗുഡ്ക വ്യാപാരിയുടെ കൈയിൽ നിന്ന് കോഴ വാങ്ങിയതിന്‍റെ രേഖകളും പുറത്തുവന്നിരുന്നു.

click me!