അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്.
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.
ലാൻ്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തിൽ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
6 സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായ നേതാവായിരുന്നു അജിത് പവാർ. ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത നേതാവായിരുന്ന പവാർ 8 തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്സഭയിലേക്കും ജയിച്ചു കയറി. മഹാരാഷ്ട്രയിൽ അനിഷേധ്യനായിരുന്ന അജിത് പവാറിൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് നേതാക്കൾ.



