ചിദംബരത്തിനെതിരായ തെളിവുകൾ എൻഫോഴ്സ്മെന്‍റ് മുദ്ര വച്ച കവറിൽ സുപ്രീംകോടതിയിൽ നൽകി

Published : Aug 30, 2019, 11:07 AM IST
ചിദംബരത്തിനെതിരായ തെളിവുകൾ എൻഫോഴ്സ്മെന്‍റ് മുദ്ര വച്ച കവറിൽ സുപ്രീംകോടതിയിൽ നൽകി

Synopsis

കേസിൽ അഞ്ച് ദിവസം വിശദമായി വാദം കേട്ട സുപ്രീംകോടതി ഉത്തരവ് പറയുന്നത് മാറ്റിവച്ചിരുന്നു. അതുവരെ എൻഫോഴ്‍സ്മെന്‍റിന്‍റെ അറസ്റ്റിൽ നിന്ന് ചിദംബരത്തിന് സംരക്ഷണവും നൽകി. 

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിയിടപാട് കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിനെതിരായ തെളിവുകൾ എൻഫോഴ്‍സ്മെന്‍റ് സുപ്രീംകോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണ് രേഖകൾ സമർപ്പിച്ചത്. മുൻകൂർ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ മുൻ ധനമന്ത്രി പി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ സുപ്രീംകോടതി സെപ്റ്റംബർ 5-നാണ് വിധി പറയുക. അതുവരെ എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ കസ്റ്റഡിയിലാണ് ചിദംബരം. 

ചിദംബരത്തിനെതിരായ തെളിവുകളുടെ രേഖകൾ ആധികാരികമായിരിക്കണമെന്ന് ജസ്റ്റിസ് ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് ഇന്നലെ എൻഫോഴ്‍സ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു.

എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തിനെ അറസ്റ്റ് ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് മാരത്തൺ വാദം കേൾക്കലാണ് കഴിഞ്ഞ അഞ്ച് ദിവസമായി സുപ്രീംകോടതിയിൽ നടന്നത്. 

ഇതിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴൊക്കെ ചിദംബരം ചോദ്യങ്ങളോട് സഹകരിച്ചില്ലെന്ന വാദത്തിനെതിരെ അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിംഗ്‍വിയും ശക്തമായ വാദങ്ങളുയർത്തി. പ്രധാനപ്പെട്ട ഒരു ചോദ്യങ്ങളും എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തോട് ചോദിച്ചിട്ടില്ലെന്ന് വാദം. ചോദ്യം ചെയ്യലിന്‍റെ രേഖകളും അതിന് ചിദംബരം നൽകിയ മറുപടികളും എൻഫോഴ്‍സ്മെന്‍റിനോട് ഹാജരാക്കാൻ നിർദേശിക്കണമെന്നും ചിദംബരത്തിന്‍റെ അഭിഭാഷകർ വാദിച്ചു. 

നിലവിൽ പി ചിദംബരം റിമാൻഡിലാണ്. ആഗസ്റ്റ് 23-ന് സിബിഐയുടെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യഹർജിയിൽ പിഴവുകളുണ്ടെന്ന് കാട്ടി കോടതി ഹർജി പരിഗണിച്ചിരുന്നില്ല. ഹർജിയിലെ തെറ്റ് തിരുത്തി സമർപ്പിക്കാനായിരുന്നു കോടതി ചിദംബരത്തിന്‍റെ അഭിഭാഷകരോട് നിർദേശിച്ചത്. റിമാൻഡിനെതിരായ ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക സിബിഐ കോടതിയാണ് കേസിൽ ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാമെന്ന് ഉത്തരവിട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസ്; ഉന്നാവ് പ്രതി കുൽദീപ് സിംഗ് സെൻഗാർ ജാമ്യം തേടി സുപ്രീം കോടതിയിൽ, ഹർജി ഇന്ന് പരി​ഗണിക്കും
ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്