
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം അഞ്ചു പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും. ലഹരി ഇടപാടുകളിലെ ഹവാല ബന്ധം കണ്ടെത്താൻ പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചു. അഞ്ച് ദിവസമാണ് പ്രതികളെ ചോദ്യം ചെയ്യുക.
അതേസമയം കേസിൽ ഒരു നൈജീരിയൻ സ്വദേശി കൂടി അറസ്റ്റിലായി. ബംഗളുരുവിൽ ലഹരിമരുന്നുകൾ വിതരണം ചെയ്തായിരുന്ന ഒസ്സിയാണ് സിസിബിയുടെ പിടിയിലായത്.
കേന്ദ്ര ഏജന്‍സിയായ എന്‍സിബിയും സംസ്ഥാന പോലീസിന് കീഴിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കൂടാതെ കർണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗം അഥവാ ഐഎസ്-ഡിയും മയക്കുമരുന്ന് റാക്കറ്റിനെതിരെ പിടിമുറുക്കുകയാണ്. അതിനിടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ലഹരി കേസുകളില്‍ അറസ്റ്റിലായവർക്ക് മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ബന്ധങ്ങളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സെപ്റ്റംബർ 12 ന് ബെംഗളൂരുവില്‍ വച്ച് മയക്കുമരുന്നുമായി പിടിയിലായ മലയാളികളായ റാന്‍ ഡാനിയേല്‍, ഗോകുല്‍ കൃഷ്ണ എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തിരുവനന്തപുരം സ്വദേശികളായ ഇരുവരും സിനിമാ മേഖലയിലുള്ള ചിലർക്ക് രാസലഹരി വസ്തുക്കൾ വിതരണം ചെയ്തെന്ന് മൊഴി നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam