
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തെരുവില്‍ അലയുന്ന കന്നുകാലികളെ നീക്കം ചെയ്യാനൊരുങ്ങി ജില്ലാ അധികൃതര്‍. ഗംഗാ യാത്രയില്‍ പങ്കെടുക്കാന്‍ ജനുവരി 29ന് യോഗി ആദിത്യനാഥ് മിര്‍സാപൂരില്‍ എത്തുന്നതിന് മുന്നോടിയായാണ് തെരുവില്‍ അലയുന്ന പശുക്കള്‍, കാളകള്‍ മറ്റ് മൃഗങ്ങള്‍ എന്നിവയെ നീക്കം ചെയ്യാന്‍ ഒമ്പത് ജൂനിയര്‍ എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഉത്തര്‍പ്രദേശിലെ പൊതുമരാമത്ത് വകുപ്പാണ് യോഗിയുടെ യാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ റോഡിലെ കന്നുകാലികളെ മാറ്റുന്നതിന് ജൂനിയര്‍ എഞ്ചിനീയര്‍മാരോട് ആവശ്യപ്പെട്ടത്. മിര്‍സാപൂരിലെ വിവിധ സ്ഥലങ്ങളില്‍ കന്നുകാലികളെ പിടിച്ചുകെട്ടാന്‍ കയറുമായി ഇവര്‍ ഇറങ്ങണമെന്നാണ് നിര്‍ദ്ദേശമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
റോഡില്‍ അലയുന്ന കന്നുകാലികളെ കണ്ടാലുടന്‍ പിടിച്ചുകെട്ടാനാണ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എട്ടു മുതല്‍ പത്ത് കയറുകള്‍ വരെ എഞ്ചിനീയര്‍മാര്‍ ഇതിനായി കൊണ്ടുവരണമെന്നും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ എഞ്ചിനീയര്‍മാര്‍ക്ക് കന്നുകാലികളെ പിടിച്ചുകെട്ടുന്നതില്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നും ഈ ഉത്തരവാദിത്വം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാനും മിര്‍സാപൂര്‍ എഞ്ചിനീയര്‍ അസോസിയേഷന്‍ നിര്‍ദ്ദേശത്തോട് പ്രതികരിച്ച് കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് കന്നുകാലികളെ പിടിക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ഓര്‍ഡര്‍ മിര്‍സാപൂര്‍ ജില്ലാ അധികൃതര്‍ ചൊവ്വാഴ്ച പിന്‍വലിച്ചതായി മിര്‍സാപൂര്‍ ഡിഎം സുഷീല്‍ പട്ടേല്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന ഗംഗാ യാത്രയ്ക്ക് യോഗി ആദിത്യനാഥ് തുടക്കം കുറിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam