ചിലരുടെ തെറ്റിന് ഒരുവിഭാഗത്തെ മുഴുവന്‍ പഴി പറയരുത്, പ്രകോപനമുണ്ടാക്കുന്നത് ലാഭമുള്ളവര്‍: മോഹന്‍ ഭാഗവത്

By Web TeamFirst Published Apr 26, 2020, 10:41 PM IST
Highlights

ആഭ്യന്തര ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും മറ്റ് സാമ്പത്തിക വ്യവസ്ഥകളെ ആശ്രയിക്കുന്നതില്‍ കുറവ് വരണം. കോപം മൂലമോ ഭയം മൂലമോ ഏതെങ്കിലും ചിലര്‍ തെറ്റ് ചെയ്താല്‍ അതിന്‍റെ പേരില്‍ സമൂഹത്തെ മുഴുവന്‍ മാറ്റി നിര്‍ത്തി പഴിക്കാന്‍ പാടില്ല.

മുംബൈ: ചിലരുടെ തെറ്റിന് ഒരു വിഭാഗത്തെ മുഴുവന്‍ പഴി പറയരുതെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. മഹാമാരിക്കെതിരെ രാജ്യം ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. രാജ്യത്തെ തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ വഴങ്ങരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

സ്വദേശി ഉത്പന്നങ്ങളെ അടിസ്ഥാനമാക്കി പുരോഗതിക്കായി പുതിയ മാതൃകയുണ്ടാക്കുന്നതിന്‍റെ ആവശ്യകതയാണ് മഹാമാരി ഉയര്‍ത്തിയിരിക്കുന്നത്. ആഭ്യന്തര ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും മറ്റ് സാമ്പത്തിക വ്യവസ്ഥകളെ ആശ്രയിക്കുന്നതില്‍ കുറവ് വരണമെന്നുമാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കുന്നത്. സാമൂഹ്യ അകലം പാലിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ക്കുന്നു.

കോപം മൂലമോ ഭയം മൂലമോ ഏതെങ്കിലും ചിലര്‍ തെറ്റ് ചെയ്താല്‍ അതിന്‍റെ പേരില്‍ സമൂഹത്തെ മുഴുവന്‍ മാറ്റി നിര്‍ത്തി പഴിക്കാന്‍ പാടില്ല. ഒരു വിഭാഗത്തിനെതിരായി പ്രചരിക്കുന്ന വിവരങ്ങളെക്കുറിച്ച് നേതാക്കള്‍ ബോധമുള്ളവരാവണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇത്തരം പ്രകോപനങ്ങളെ വിശ്വസിച്ച് രാജ്യത്തെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. ആളുകള്‍ക്ക് നിയന്ത്രണമൊന്നും സഹിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മനപൂര്‍വ്വം ശ്രമിക്കുന്നുവെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. ഇതില്‍ നിന്നെല്ലാം ലാഭമുണ്ടാക്കാന്‍ ആഗ്രഹമുള്ളവരാണ് പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നതെന്നും മോഹന്‍ ഭാഗവത് പ്രതികരിക്കുന്നു. 

click me!