ദേ ഈ ആറ് കാരണങ്ങളാല്‍ 'കേന്ദ്ര ഭരണം ജോളിയാണ്'; പരിഹസിച്ച് ഇ പി ജയരാജന്‍

By Web TeamFirst Published Oct 10, 2019, 1:41 PM IST
Highlights

ഇന്ത്യന്‍ കമ്പനികളുടെ വിദേശകടം 10 ഇരട്ടിയായി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചുമാസം വിദേശവാണിജ്യവായ്പ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിന്റെ പത്തിരട്ടിയായെന്നും ജയരാജന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. വ്യാവസായിക മേഖലയിലും സാമ്പത്തിക മേഖലയിലും തകര്‍ച്ചയാണെന്ന് ചൂണ്ടികാട്ടിയാണ് ഇ പിയുടെ വിമര്‍ശനം. ആറ് കാരണങ്ങള്‍ നിരത്തിയ വ്യവസായ മന്ത്രി കേന്ദ്രഭരണം ജോളിയാണെന്നും ഫേസ്ബുക്കിലൂടെ പരിഹസിക്കുന്നുണ്ട്.

ജയരാജന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

1) ഇന്ത്യയുടെ 2019ലെയും 2020ലെയും പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച 0.3 ശതമാനം വീതം ഐഎംഎഫ് കുറച്ചു. രാജ്യത്തെ ആഭ്യന്തര ഡിമാന്റ് ഇടിഞ്ഞതോടെയാണ് നിരക്ക് കുറച്ചത്.

2) ആഗോള മത്സരാധിഷ്ടിത സമ്പദ്‌വ്യവസ്ഥ സൂചികയില്‍ ഇന്ത്യ 10 റാങ്ക് താഴേക്ക് പതിച്ചു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പട്ടികയിലാണ് ഈ വീഴ്ച്ച.
വിവര സാങ്കേതിക വിദ്യ വളര്‍ച്ച, ആരോഗ്യ സ്ഥിതി, ആരോഗ്യകരമായ ആയുര്‍ ദൈര്‍ഘ്യം എന്നിവയിലും ഇന്ത്യയുടെ റാങ്ക് വളരെ താഴ്ന്നു. ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തില്‍ 140 രാജ്യങ്ങളുടെ പട്ടികയില്‍ 109 ആണ് ഇന്ത്യയുടെ സ്ഥാനം. ആഫ്രിക്കക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതും ഇന്ത്യ തന്നെ. പുരുഷ-വനിത തൊഴിലാളി നിരക്കില്‍ 128ാമതാണ് ഇന്ത്യയുടെ സ്ഥാനം.

3) ജിഡിപി വളര്‍ച്ചയില്‍ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്. 'ഏഷ്യന്‍ ഡവലപ്മെന്റ് ഔട്ട്ലുക്ക് 2019' എന്ന പേരില്‍ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശ് മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി നിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. സാമ്പത്തികമാന്ദ്യവും തുടരുകയാണ്.

4) പ്രധാനപ്പെട്ട 400 റെയില്‍വേ സ്റ്റേഷനുകളുടെ സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചു. വികസനപദ്ധതികള്‍ നടപ്പാക്കാനെന്നപേരില്‍ 50 സ്റ്റേഷന്‍ ഉടന്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും. ഒന്നാംഘട്ടത്തില്‍ 150 ട്രെയിന്‍ സ്വകാര്യകമ്പനികള്‍ക്ക് വിട്ടുകൊടുക്കും. ആദ്യപട്ടികയില്‍ കോഴിക്കോട് സ്റ്റേഷനുണ്ട്. പുതിയ പട്ടികയില്‍ കേരളത്തിലെ രണ്ട് സ്റ്റേഷന്‍ കൂടി ഉണ്ടാകും.

5) ഇന്ത്യന്‍ കമ്പനികളുടെ വിദേശകടം 10 ഇരട്ടിയായി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചുമാസം വിദേശവാണിജ്യവായ്പ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിന്റെ പത്തിരട്ടിയായി. ഇക്കൊല്ലം ആദ്യ ആറുമാസം ആഭ്യന്തര വാണിജ്യവായ്പകളില്‍ 88 ശതമാനം ഇടിവുണ്ടായതായും റിസര്‍വ് ബാങ്ക്.

6) പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാരംഭിച്ചു. ഓഹരി വില്‍പ്പനയ്ക്കായി ഈ മാസം തന്നെ താല്‍പ്പര്യ പത്രം ക്ഷണിക്കും. മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനാണ് പദ്ധതി.

 

click me!