
ദില്ലി: പ്രമുഖ ലഘുഭക്ഷണ ബ്രാന്‍ഡായ എപ്പിഗാമിയ സഹസ്ഥാപകനായ രോഹന്‍ മിര്‍ചന്ദാനി അന്തരിച്ചു. 41-ാം വയസിൽ ഹൃദയാഘാതം മൂലമാണ് മരണം. എപ്പിഗാമിയ യോഗര്‍ട്ട് ബ്രാന്‍ഡിന്റെ സ്ഥാപകരിലൊരാളായിരുന്നു റോഹന്‍. കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം പ്രചാരമുള്ള ബ്രാൻഡാണ് എപ്പിഗാമിയ യോഗര്‍ട്ട്. തനതായ രുചിയും, മികച്ച ഗുണനിലവാരവും എപ്പിഗാമിയെ ജനപ്രിയ ബ്രാൻഡാക്കി. ഫ്രഞ്ച് ഡയറി കമ്പനിയായ ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണും ഈ കമ്പനിയില്‍ നിക്ഷേപകരാണ്.
1982-ല്‍ അമേരിക്കയിലാണ് റോഹന്‍ മിര്‍ചന്ദാനിയുടെ ജനനം. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളിലുമായിരുന്നു ബിരുദപഠനമെങ്കിലും രോഹൻ ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. രോഹന്‍ തന്റെ സംരംഭകത്വ യാത്ര ആരംക്കുന്നത് ഡ്രംസ് ഫുഡ് ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകനായാണ്. 2013-ല്‍ ഗണേഷ് കൃഷ്ണമൂര്‍ത്തി, രാഹുല്‍ ജെയിന്‍ , ഉദയ് താക്കര്‍ എന്നിവരുമായി ചേർന്നാണ് റോഹന്‍ മിര്‍ചന്ദാനി ഡ്രംസ് ഫുഡ് ഇന്റര്‍നാഷണൽ ആരംഭിക്കുന്നത്.
15 ലക്ഷം രൂപ മുതല്‍മുടക്കിലായിരുന്നു ഡ്രംസ് ഫുഡ് ഇന്റര്‍നാഷണൽ ആരംഭിച്ചത്. മുംബൈയിലെ ഡെസേര്‍ട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം. 2015-ലാണ് രോഹനും സംഘവും ചേര്‍ന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റമുണ്ടാക്കിയ പ്രൊഡക്ട് ആയിരുന്നു ഇത്. 2023 ഡിസംബറിൽ റോഹന്‍ മിര്‍ചന്ദാനി എപ്പിഗാമിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മാറിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam