
മുംബൈ: തന്നെ പിന്തുണക്കുന്ന എംൽഎമാരിൽ ഒരാളെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റാൽ രാഷ്ട്രീയ രംഗം വിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ശിവസേനയുടെ വിമത എംഎൽഎമാർ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഏകനാഥ് ഷിൻഡെ ഇക്കാര്യം പറഞ്ഞത്. തന്നെ പിന്തുണച്ച 40 സേനാ എംഎൽഎമാരിൽ ഒരാളെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാഷ്ട്രീയം വിടുമെന്ന് താക്കറെയെ പേരെടുത്തു പറയാതെ ഷിൻഡെ പറഞ്ഞു.
വിമതർ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കുമെന്ന് ഉദ്ധവ് നേരത്തെ പറഞ്ഞിരുന്നു. വിമത എംഎൽഎമാരാരും
അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നും താക്കറെ പറഞ്ഞു. എന്നാൽ ഒരു എംഎൽഎയും തോൽക്കില്ലെന്ന് ഷിൻഡെ തിരിച്ചടിച്ചു. ഇതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തിട്ടുണ്ട്. ഇവരിൽ ആരെങ്കിലും തോറ്റാൽ ഞാൻ രാഷ്ട്രീയം വിടും. ആരു ജയിക്കണമെന്നും ആരു തോൽക്കണമെന്നും തീരുമാനിക്കാൻ നിങ്ങളാരാണ്? ഇതെല്ലാം തീരുമാനിക്കുന്നത് ജനങ്ങളാണ്. വോട്ടർമാർ തീരുമാനിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.
തന്നോടൊപ്പമുള്ള എല്ലാ എംഎൽഎമാരും ജയിക്കും. ബിജെപി സഖ്യത്തിന് 200 സീറ്റ് ലഭിക്കും. ഇല്ലെങ്കിൽ താൻ പാടത്ത് പണിക്കു പോകുമെന്നും ഷിൻഡെ നേരത്തെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച പ്രഭാദേവിയിൽ വിമത സേന എംഎൽഎ സഞ്ജയ് ഷിർസാത്തിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷിൻഡെ. അന്തരിച്ച സേനാ നേതാവ് ആനന്ദ് ദിഗെയുടെ ജീവിതത്തെ കുറിച്ച് ആളുകൾക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ താൻ ചെയ്തിട്ടുണ്ടെന്നും എന്നാൽ ചിലർക്ക് അത് ദഹിക്കാത്തതിനാൽ അദ്ദേഹത്തോടുള്ള ദേഷ്യം തീർത്തുവെന്നും ഷിൻഡെ പറഞ്ഞു. അവസാനം എന്താണ് സംഭവിച്ചതെന്ന് ആത്മപരിശോധന നടത്തുന്നതിന് പകരം ഉദ്ധവ് വിഭാഗം നേതൃത്വം തന്നെയും അദ്ദേഹത്തെ പിന്തുണച്ച എംഎൽഎമാരെയും രാജ്യദ്രോഹികളായി മുദ്രകുത്തുകയായിരുന്നുവെന്ന് ഷിൻഡെ പറഞ്ഞു.