
ബംഗളുരു: ചാർട്ടേഡ് അക്കൗണ്ടിന്റെ ഒന്നര കോടി രൂപയുമായി മുങ്ങിയ കാർ ഡ്രൈവർ പിടിയിലായി. പത്ത് വർഷമായി ഒപ്പമുള്ള വിശ്വസ്തനാണ് പണമടങ്ങിയ ബാഗുമായി മുങ്ങിയത്. ഫോൺ വിളിച്ച് ചോദിച്ചപ്പോൾ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയെന്ന് ആദ്യം പറഞ്ഞെങ്കിലും അര മണിക്കൂർ കഴിഞ്ഞപ്പോൾ ഫോണിലും കിട്ടാതെയായി.
ബാങ്കിൽ ഇടാൻ കൊണ്ടുപോകാനിരുന്ന പണമാണ് നഷ്ടമായത്. ബംഗളുരുവിലെ മല്ലേശ്വരത്തിന് സമീപമായിരുന്നു നാടകീയമായ സംഭവങ്ങൾ. തോതാപ്രസാദ് എന്ന ഒരു ചാർട്ടേഡ് അക്കൗണ്ട് തന്റെ ഇടപാടുകൾ ഏൽപ്പിച്ച ടാക്സ് തുക ബാങ്കിൽ അടയ്ക്കാൻ പോകാനൊരുങ്ങുകയായിരുന്നു. മേയ് അഞ്ചിന് വൈകുന്നേരം മൂന്ന് മണിയോടെ അദ്ദേഹം ഡ്രൈവർ രാജേഷിനെ വിളിച്ചു. പണമടങ്ങിയ ബാഗ് കൊടുത്തിട്ട് കാറിൽ വെയ്ക്കാൻ പറഞ്ഞു. നമുക്ക് ബാങ്കിലേക്ക് പോകണമെന്നും താൻ ഉടനെ വരാമെന്നും പറഞ്ഞാണ് ബാഗ് കൊടുത്തത്.
ഓഫീസിൽ നിന്നിറങ്ങി കാറിനടുത്ത് എത്തിയപ്പോൾ രാജേഷിനെ കാണില്ല. ഫോണിൽ വിളിച്ചപ്പോൾ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് വന്നതാണെന്നും ഉടനെ എത്താമെന്നും പറഞ്ഞു. അര മണിക്കൂർ കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പിന്നീട് ഇയാളുടെ ഒളിത്താവളം കണ്ടെത്തി. 1.20 കോടി രൂപ ഇവിടെ നിന്ന് കണ്ടെടുത്തു. മൂന്ന് ലക്ഷം രൂപ താൻ കടം വീട്ടാൻ എടുത്തതായി ഇയാൾ പറഞ്ഞു.
രാജേഷിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പണം കിട്ടിയപ്പോൾ അവസരം ഉപയോഗിച്ചതാണെന്നും പൊലീസ് പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. നേരത്തെയും സമാനമായ തുക ഇയാൾ കണ്ടിരുന്നു. എന്നാൽ അപ്പോഴൊന്നും അതുമായി രക്ഷപ്പെടണമെന്ന ചിന്ത വന്നതുമില്ല. ഇത്തവണ പക്ഷേ പണം കണ്ടപ്പോൾ അവസരം ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam