'ദേഷ്യത്തോടെയല്ല, ദില്ലിയില്‍ സ്നേഹത്തോടെ വോട്ട് ചെയ്യൂ'; അമിത് ഷാക്കെതിരെ പ്രശാന്ത് കിഷോര്‍

By Web TeamFirst Published Jan 27, 2020, 1:36 PM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.  

ദില്ലി: ദില്ലിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധിക്കുന്നവരോടുള്ള എല്ലാ ദേഷ്യത്തോടെയും വോട്ടുചെയ്യണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിനെതിരെ ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. ഫെബ്രുവരി എട്ടിന് ദില്ലിയില്‍ ഇവിഎം മെഷീനില്‍ സ്നേഹത്തോടെ വോട്ട് ചെയ്യണം. അത് ചെറിയ തോതില്‍ കറന്‍റ് ഉത്പാദിപ്പിക്കുന്നുണ്ട്, സാഹോദര്യവും സൗഹൃദവും നാശംവന്നുപോകരുത്'' പ്രശാന്ത് കിഷോര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന റാലിയ്ക്കിടെയാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.  

Latest Videos

ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിക്കുന്ന മുഖ്യവേദിയായ ഷഹീന്‍ബാഗ് ദില്ലിയില്‍ ഉണ്ടാകില്ലെന്നും ഫെബ്രുവരി എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ ഫലം പ്രഖ്യാപിക്കുന്ന 11-ാം തീയതി വൈകുന്നേരത്തോടെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

'മാലിന്യമുക്തമായ ദില്ലി നമുക്ക് വേണം. എല്ലാ വീടുകളിലും ശുദ്ധജലവും 24 മണിക്കൂറും വൈദ്യുതിയും ലഭ്യമാകണം. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണം, ചേരികളോ അനധികൃത കോളനികളോ ഉണ്ടാവാന്‍ പാടില്ല, ദ്രുത ഗതാഗത സംവിധാനം വേണം, ലോകോത്തര നിലവാരമുള്ള റോഡുകളും സൈക്കിള്‍ ട്രാക്കുകളും വേണം, ഗതാഗത കുരുക്കുകള്‍ പാടില്ല,  ഒപ്പം ഷഹീന്‍ബാഗും പാടില്ല. അങ്ങനെയൊരു ദില്ലിയാണ് ഞങ്ങള്‍ക്ക് വേണ്ടത്' - അമിത് ഷാ പറ‍ഞ്ഞു. ബിജെപി സോഷ്യല്‍ മീഡിയ വോളന്‍റീയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അരവിന്ദ് കെജ്‍‍രിവാളിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച അമിത് ഷാ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന കെജ്‍രിവാളിന്‍റെ നിലപാട് ലജ്ജാകരമാണെന്നും വാരണാസിയിലും പ‍ഞ്ചാബിലും പരാജയപ്പെട്ടത് പോലെ ഇത്തവണ ദില്ലിയിലും പരാജയപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. 

അതേസമയം അമിത് ഷായ്ക്കെതിരെ രൂക്ഷമായ വാക്കുകളുമായി സംവിധായകന്‍ അനുരാഗ് കാശ്യപും രംഗത്തെത്തി. ദില്ലിയില്‍ ബിജെപി റാലിക്കിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രവാക്യം വിളിച്ച യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കവേയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബോളിവുഡ് സംവിധായകന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിക്കുന്ന അനുരാഗിന്‍റെ ട്വീറ്റിന് താഴെ വലിയ പ്രതിഷേധമാണ് ബിജെപി അനുഭാവികള്‍ ഉയര്‍ത്തുന്നത്.

''നമ്മുടെ ആഭ്യന്തരമന്ത്രി എത്ര വലിയ ഭീരുമാണ്. അയാളുടെ പൊലീസ്, അയാളുടെ വാടക ഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം, എന്നിട്ടും സുരക്ഷ വര്‍ധിപ്പിക്കുന്നത് നിരായുധരായ പ്രതിഷേധക്കാരെ ആക്രമിച്ചുകൊണ്ടാണ്. അപര്‍ഷബോധത്തിന്‍റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു. ചരിത്രം ഈ മൃഗത്തിന്‍റെ മുഖത്ത് തുപ്പും'' - അനുരാഗ് കാശ്യപിന്‍റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

click me!