ഇരട്ടക്കൊലപാതകം: വിചാരണക്കോടതി വെറുതെവിട്ട മുന്‍ എംപിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി

Published : Sep 01, 2023, 03:24 PM ISTUpdated : Sep 01, 2023, 03:27 PM IST
ഇരട്ടക്കൊലപാതകം: വിചാരണക്കോടതി വെറുതെവിട്ട മുന്‍ എംപിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി

Synopsis

1995ലെ ഇരട്ടക്കൊലപാതക കേസിലാണ് കോടതി ശിക്ഷ വിധിച്ചത്

ദില്ലി: രാഷ്ട്രീയ ജനതാദൾ (ആർജെഡി) പാര്‍ട്ടി നേതാവും മുൻ എംപിയുമായ പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി. 1995ലെ ഇരട്ടക്കൊലപാതക കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

1995ൽ തന്‍റെ താത്പര്യത്തിന് വിരുദ്ധമായി വോട്ട് ചെയ്തതിന് രണ്ട് പേരെ പ്രഭുനാഥ് സിങ് വെടിവെച്ച് കൊന്നു എന്നാണ് കേസ്. ചപ്ര ഗ്രാമത്തിലെ ദരോഗ റായ്, രാജേന്ദ്ര റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസ് 'നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ അസാധാരണമായ വേദനാജനകമായ സംഭവ'മാണെന്ന് കോടതി നിരീക്ഷിച്ചു. തെളിവ് നശിപ്പിക്കാന്‍ പ്രതി ബോധപൂര്‍വ്വം ശ്രമിച്ചെന്നും കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും സഹായധനം നൽകാന്‍ ബിഹാർ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307 വകുപ്പുകളാണ് പ്രഭുനാഥ് സിങ്ങിനെതിരെ ചുമത്തിയിരുന്നത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2008ല്‍ വിചാരണ കോടതി പ്രഭുനാഥ് സിങ്ങിനെ വെറുതെ വിട്ടിരുന്നു. പട്ന ഹൈക്കോടതി പിന്നീട് ഈ ഉത്തരവ് ശരിവെച്ചു. കൊല്ലപ്പെട്ട രാജേന്ദ്ര റായിയുടെ സഹോദരന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി ശിക്ഷ വിധിച്ചത്.  

12, 13, 14 ലോക്‌സഭകളിൽ പ്രഭുനാഥ് സിങ് അംഗമായിരുന്നു. 1998 മുതൽ 2009 വരെ ബിഹാറിലെ മഹാരാജ്ഗഞ്ച് ലോക്‌സഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 2013ൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രഭുനാഥ് സിങ് 2014 വരെ പാർലമെന്റ് അംഗമായി തുടർന്നു. 1985 മുതൽ 1995 വരെ മസ്‌റഖ് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു