'രാഷ്ട്രീയനേട്ടങ്ങൾക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്'; പ്രധാനമന്ത്രിക്ക് മുൻ ഉദ്യോഗസ്ഥരുടെ കത്ത്

By Web TeamFirst Published Oct 5, 2019, 7:26 PM IST
Highlights

മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ച ഉദ്യോഗസ്ഥരെ സാങ്കേതിക അടിസ്ഥാനങ്ങളിൽ മാത്രം അറസ്റ്റ് ചെയ്യുന്നു. രാഷ്ട്രീയ നേട്ടം കൊയ്യാൻ ക്രിമിനൽ നടപടികളുടെ ഭാരം വഹിക്കുന്നവരായി ഉദ്യോഗസ്ഥർ മാറുകയാണ്. നീതിയുടെ പേരിൽ  പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ബ്യൂറോക്രാറ്റുകൾ
 


ദില്ലി: രാഷ്ട്രീയ നീക്കങ്ങൾക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നാവശ്യപ്പെട്ട് 71 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഐഎൻഎക്സ് മീഡിയ കേസിൽ നാല് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കെതിരെയാണ് കത്ത്. ഇത്തരം നീക്കങ്ങൾ സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് കത്തിലെ ആരോപണം.

മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, മുൻ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, പഞ്ചാബ് മുൻ ഡിജിപി ജൂലിയോ റിബേറിയോ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ചിലരെ മാത്രം ലക്ഷ്യം വച്ചുള്ള നേട്ടങ്ങളിൽ ഇവർ ആശങ്ക പ്രകടിപ്പിച്ചു. ഐഎൻഎക്സ് മീഡിയ കേസിൽ മുൻ നീതിആയോഗ് സിഇഒ സിന്ധുശ്രീ ഖുള്ളറെ ഉൾപ്പെടെ നാല് പേരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ മാസം അവസാനമാണ് കേന്ദ്ര സർക്കാർ സിബിഐക്ക് അനുമതി നൽകിയത്.

ഖുള്ളറെ കൂടാതെ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മുൻ സെക്രട്ടറി അനുപ് കെ പൂജാരി, ധനകാര്യ വകുപ്പ് മുൻ ഡയറക്ടർ പ്രബോദ് സക്സേന, സാമ്പത്തികകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി രബീന്ദ്ര പ്രസാദ്  എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ അനുമതി നൽകിയിരുന്നു. ഈ കേസിലാണ് മുൻ ധനകാര്യമന്ത്രി പി ചിദംബരം തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.

രാഷ്ട്രീയ നേട്ടം കൊയ്യാൻ ക്രിമിനൽ നടപടികളുടെ ഭാരം വഹിക്കുന്നവരായി ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്നും കത്തിൽ സർക്കാരിനെതിരെ ഉദ്യോഗസ്ഥർ ആഞ്ഞടിച്ചു. ഔദ്യോഗിക ചുമതലകൾ നിറവേറ്റുന്നതിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് യാതൊരു പരിരക്ഷയും ലഭിക്കാറില്ലെന്ന ആശങ്കയെ ഈ നടപടികൾ സ്ഥിരീകരിക്കുകയാണെന്നും മുൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

രാഷ്ട്രീയനിലപാടുകളുടെ വ്യത്യാസമില്ലാതെ എല്ലാ ഭരണകൂടങ്ങളും കേന്ദ്ര, സംസ്ഥാന തലങ്ങളിൽ തങ്ങൾ കുറ്റക്കാരെന്ന നിലപാട് മനസിൽ സൂക്ഷിക്കുന്നവരാണെന്നും കത്തിൽ വിമർശിക്കുന്നു. സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർ ഇത്തരം ആസൂത്രിത നീക്കത്തിന്റെ പേരിൽ മനസ് മടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.  

പ്രാധാന്യമുള്ള എല്ലാ നിർദ്ദേശങ്ങളും ആസൂത്രണം  ചെയ്യുന്നതിനും പരിശോധിക്കുന്നതിനും മുമ്പായി ഉദ്യോഗസ്ഥർ ആ പദ്ധതികൾ നീട്ടി വച്ചാൽ അതിശയിക്കാനില്ല, കാരണം വർഷങ്ങൾക്ക് ശേഷം അവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകാതിരിക്കും എന്നതിൽ യാതൊരു  ഉറപ്പും ഇല്ലെന്നും കത്തിൽ പറയുന്നു. തീരുമാനം എടുക്കുന്ന സമയത്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ അവ വീണ്ടും നടപ്പാക്കാനാകുന്ന തരത്തിൽ  ചട്ടങ്ങൾ ഉണ്ടാക്കണമെന്നും ബ്യൂറോക്രാറ്റുകൾ പറഞ്ഞു.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരാകുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്ന രാഷ്ട്രീയഘടകങ്ങളെ ശിക്ഷ ഉറപ്പു വരുത്തുന്നതിൽ  ഭരണസംവിധാനങ്ങൾ യാതൊരു ശ്രമവും നടത്താതിരിക്കുന്നത് വാസ്തവത്തിൽ വിഡ്ഢിത്തമാണ്. അതേസമയം തന്നെ മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്തിന് വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരെ സാങ്കേതിക അടിസ്ഥാനങ്ങളിൽ മാത്രം അറസ്റ്റ് ചെയ്യുന്നു. നീതി എന്ന ആശയം മുൻ നിർത്തി ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നുവെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

click me!