മുന്‍ മന്ത്രിമാരോട് ബംഗ്ലാവ് ഒഴിയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍; കോണ്‍ഗ്രസ് വിമതര്‍ ലിസ്റ്റിലില്ല

By Web TeamFirst Published May 21, 2020, 9:35 AM IST
Highlights

കമല്‍നാഥ് സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് ശേഷം നാല് ദിവസം കഴിഞ്ഞാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് ആര്‍ക്കും മന്ത്രി മന്ദിരങ്ങളില്‍ നിന്ന് മാറുവാന്‍ കഴിഞ്ഞിരുന്നില്ല. ചിന്ദ്വാരയില്‍ നിന്നുള്ള എംഎല്‍എയായി കമല്‍നാഥ് ഇപ്പോഴും മുഖ്യമന്ത്രിയുടെ ബംഗ്ലാവിലാണ് താമസിക്കുന്നത്.

ഭോപ്പാല്‍: കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവര്‍ എത്രയും വേഗം ഔദ്യോഗിക മന്ത്രി മന്ദിരം ഒഴിയണമെന്ന് നോട്ടീസ് നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. എന്നാല്‍, കമല്‍നാഥ് സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് കാരണമായ കാലുമാറിയ 22 എംഎല്‍എമാരില്‍ ഉള്‍പ്പെടുന്ന ആറ് മന്ത്രിമാര്‍ക്ക് മാത്രം നോട്ടീസ് ലഭിച്ചിട്ടില്ല. അതില്‍ രണ്ട് പേര്‍ ഇപ്പോഴത്തെ സര്‍ക്കാരില്‍ മന്ത്രിമാരാണ്.

എന്നാല്‍, ബാക്കി നാല് പേര്‍ ഇപ്പോള്‍ എംഎല്‍എമാര്‍ പോലുമല്ല. കമല്‍നാഥ് സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് ശേഷം നാല് ദിവസം കഴിഞ്ഞാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് ആര്‍ക്കും മന്ത്രി മന്ദിരങ്ങളില്‍ നിന്ന് മാറുവാന്‍ കഴിഞ്ഞിരുന്നില്ല. ചിന്ദ്വാരയില്‍ നിന്നുള്ള എംഎല്‍എയായ കമല്‍നാഥ് ഇപ്പോഴും മുഖ്യമന്ത്രിയുടെ ബംഗ്ലാവിലാണ് താമസിക്കുന്നത്.

എന്നാല്‍, സാധാരണ നടപടിക്രമം മാത്രമാണ് നോട്ടീസ് എന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ വിശദീകരണം. പക്ഷേ, വിമതര്‍ക്ക് നോട്ടീസ് അയക്കാതെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഈ മഹാമാരിയുടെ കാലത്ത് പോലും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് മുന്‍ മന്ത്രി ജയ്‍വര്‍ധന്‍ സിംഗ് പറഞ്ഞു. മന്ത്രി മന്ദിരങ്ങള്‍ ഒഴിയുന്നതില്‍ ഒരു പ്രശ്നവുമില്ല. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ അങ്ങനെ ചെയ്യുകയും ചെയ്യും.

പക്ഷേ, എംഎല്‍എ സ്ഥാനം വരെ രാജിവെച്ച മുന്‍ മന്ത്രിമാരും ബംഗ്ലാവ് ഒഴിയുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനോട് വിഷയത്തെ കുറിച്ച് കമല്‍നാഥ് സംസാരിച്ചുവെന്നും ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ബംഗ്ലാവ് ഒഴിയാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുന്‍ മുഖ്യമന്ത്രിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ പറഞ്ഞു. 
 

click me!