മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി 'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി മുന്‍ ഉദ്യോഗസ്ഥന്‍

By Web TeamFirst Published Jul 8, 2019, 9:14 AM IST
Highlights

1990-91 കാലഘട്ടത്തില്‍ ഹാമിദ് അന്‍സാരി ടെഹ്റാനില്‍ അംബാസഡറായിരുന്നപ്പോള്‍ അവിടെ റോ ഓഫിസറായിരുന്ന എന്‍കെ സൂദ് എന്ന ഉദ്യോഗസ്ഥനാണ് അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. 

ദില്ലി: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) മുന്‍ ഓഫിസര്‍ രംഗത്ത്. ഹാമിദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ റോയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നും രാജ്യതാല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.

1990-91 കാലഘട്ടത്തില്‍ ഹാമിദ് അന്‍സാരി ടെഹ്റാനില്‍ അംബാസഡറായിരുന്നപ്പോള്‍ അവിടെ റോ ഓഫിസറായിരുന്ന എന്‍കെ സൂദ് എന്ന ഉദ്യോഗസ്ഥനാണ് അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇയാള്‍ 2010ലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.   

കശ്മീരിലെ യുവാക്കള്‍ക്ക് ഭീകരപ്രവര്‍ത്തനത്തിന് ഇറാന്‍ സഹായം നല്‍കുന്നത് റോ നിരീക്ഷിക്കുന്ന കാര്യം അന്‍സാരി ഇറാനുമായി പങ്കുവെച്ചെതോടെ ഇറാനിലെ റോ സംവിധാനം തകരാറിലായെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് ഇത് മുതലെടുത്തുവെന്നും പരാതിയില്‍ സൂദ് പറയുന്നു. ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോള്‍ അന്‍സാരി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

മുന്‍ ഐബി അഡീഷണല്‍ സെക്രട്ടറി രത്തന്‍ സെയ്ഗാളിനെതിരെയും ആരോപണമുണ്ട്. അന്‍സാരിയും സെയ്ഗാളും റോയുടെ ഗള്‍ഫ് യൂണിറ്റ് തകര്‍ത്തുവെന്നും പരാതിയില്‍ പറയുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎക്ക് രേഖകള്‍ കൈമാറിയ വിഷയത്തില്‍ സെയ്ഗാളിനെ രാജിവെപ്പിക്കുകയായിരുന്നു.

click me!