ആനംസ്റ്റിയുടെ പിന്മാറ്റം: കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ചർച്ചയാവുന്നു

By Web TeamFirst Published Oct 1, 2020, 9:43 AM IST
Highlights

ശാരദചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ നടപടികൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വരെ പശ്ചിമബംഗാളിൽ വൻകോലാഹലമാണ് സൃഷ്ടിച്ചത്. എന്നാൽ അന്നു കണ്ട ആവേശം ഇപ്പോൾ ഈ കേസിൽ സിബിഐയ്ക്ക് ഇല്ല. 

ദില്ലി: ആംനസ്റ്റി ഇൻറർനാഷണലിൻറെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നതോടെ കേന്ദ്ര ഏജൻസികളെ സർക്കാർ ചട്ടുകമാക്കുന്നു എന്ന ആരോപണം ശക്തമാകുകയാണ്. രാഷ്ട്രീയ തർക്കങ്ങളിൽ കേന്ദ്ര ഏജൻസികളുടെ മറയില്ലാത്ത ഇടപെടലാണ് സമീപകാലത്തെ പല വിഷയങ്ങളിലും കണ്ടത് എന്നതും ഈ വാദത്തിന് ശക്തിയേകുന്നു. 

എൻഫോഴ്സമെൻറ് റെയ്ഡിനു ശേഷം ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചതോടെയാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് ആഗോള തലത്തിൽ പ്രശസ്തമായ മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇൻറർനാഷണൽ വ്യകതമാക്കുന്നത്. വെബ്സൈറ്റുകളിൽ നല്കിയ വിവരങ്ങൾ മാത്രമാണ് റെയ്ഡുകളിൽ പിടിച്ചെടുക്കുന്നത് എന്ന ആരോപണവും ആംനസ്റ്റി ഉയർത്തുന്നു. 

ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികളുടെ അസ്ഥാനത്തെ ഇടപെടലുകളും രാഷ്ട്രീയ താത്പര്യങ്ങളും ചർച്ചയാവുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയമാനങ്ങളുള്ള കേസിൽ  സിബിഐ അടക്കമുള്ള കേന്ദ്രഏജൻസികളുടെ അന്വേഷണം കൗതുകകരമായ രീതിയിലാണ്. 

ശാരദചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ നടപടികൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വരെ പശ്ചിമബംഗാളിൽ വൻകോലാഹലമാണ് സൃഷ്ടിച്ചത്. എന്നാൽ അന്നു കണ്ട ആവേശം ഇപ്പോൾ ഈ കേസിൽ സിബിഐയ്ക്ക് ഇല്ല. അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ ഈ കേസിൽ ഇനി വീണ്ടും സിബിഐ ഇടപെടൽ ശക്തിപ്പെടും എന്നാണ് സൂചനന.

രാജസ്ഥാനിൽ കോൺ​ഗ്രസ് സർക്കാർ ആടിയുലഞ്ഞപ്പോൾ മുഖ്യമന്ത്രി അശോക് ഗലോട്ടിൻറെ സഹോദരൻ്റെ സ്ഥാപനങ്ങൾ കേന്ദ്ര ഏജൻസികൾ റെയ്ഡു ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. മധ്യപ്രദേശിൽ മുൻമുഖ്യമന്ത്രി കമൽനാഥിൻ്റെ ബന്ധുക്കൾക്ക് നേരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഇപ്പോൾ നിലച്ചിരിക്കുകയാണ്. 

മഹാരാഷ്ട്രയിൽ സുശാന്ത് സിംഗ് രാജ്പുതിൻറെ മരണം അന്വേഷിക്കാൻ സിബിഐയെ ആണ് സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ മയക്കുമരുന്ന് വിരുദ്ധ ബ്യൂറോയാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്. ഭരണനേതൃത്തോട് ചേർന്നു നിൽക്കുന്ന രാകേഷ് അസ്താനയ്ക്കാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചുമതല എന്നതും ശ്രദ്ധേയമാണ്.

ദില്ലി കലാപകേസിൽ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പോലീസും ഭീമ കൊറെഗാവ് കേസിൽ എൻഐഎയും നീങ്ങുന്ന വഴിയും വ്യത്യസ്തമല്ല. ഉത്തർപ്രദേശിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിനു പിന്നിലും ഈ നയം ദൃശ്യമാണ്. ലൈഫ് മിഷൻ കേസിലൂടെ സിബിഐ കൂടി എത്തിയതോടെ പ്രധാനപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളും ഇപ്പോൾ കേരളത്തിലെത്തിക്കഴിഞ്ഞു.  സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനം തന്നെ ഇടം നല്കിയതോടെ തെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഇവിടെയും കേന്ദ്ര ഏജൻസികളുടെ നാടകീയ നീക്കങ്ങൾ പ്രതീക്ഷിക്കാം. 

click me!