
ലഖ്നൗ: ഹാഥ്റസില്‍ പത്തൊമ്പതുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു. 'ഹാഥ്റസ് നിർഭയ' എന്നാണ് ഇരയെ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആയിരുന്നു സോണിയയുടെ വിമർശനം. "വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നു. പെൺകുട്ടിക്ക് സമയബന്ധിതമായി ചികിത്സ നൽകിയില്ല, ഇന്നവൾ നമുക്കൊപ്പം ഇല്ല. ഹാഥ്റസിന്റെ നിര്‍ഭയ മരിച്ചതല്ല. ദയാശൂന്യരായ സര്‍ക്കാര്‍, അതിന്റെ സംവിധാനങ്ങളും അലംഭാവവും കൊണ്ട് കൊന്നതാണ്",സോണിയ പറയുന്നു.
"അവൾ ജീവിച്ചിരുന്നപ്പോൾ, അവൾക്ക് പറയാനുള്ളത് കേട്ടില്ല, അവളെ സംരക്ഷിച്ചില്ല. മരണശേഷം അവൾക്ക് വീടും നഷ്ടപ്പെട്ടു. അവളെ കുടുംബത്തിന് കൈമാറിയില്ല. കരഞ്ഞുകൊണ്ടിരുന്ന അമ്മയ്ക്ക്, മകളോട് അവസാനമായി വിട പറയാനുള്ള അവസരം നല്‍കിയില്ല. ഇതൊരു വലിയ പാതകമാണ്", സോണിയ ഗാന്ധി പറഞ്ഞു. അനാഥയെ പോലെ സംസ്‌കരിക്കപ്പെട്ടതിലൂടെ അവള്‍ അപമാനിക്കപ്പെട്ടുവെന്നും സോണിയ കൂട്ടിച്ചേർത്തു.
"ഏത് തരത്തിലുള്ള നീതിയാണിത് ? എന്തുതരം സർക്കാരാണിത് ? നിങ്ങൾ എന്ത് ചെയ്താലും രാജ്യത്തെ ആളുകൾ വെറുതെ നോക്കിയിരിക്കും എന്നാണോ കരുതുന്നത് ? ഒരിക്കലുമില്ല. നിങ്ങളുടെ അനീതിക്കെതിരെ രാജ്യം ശബ്ദം ഉയർത്തും", സോണിയ ഗാന്ധി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam