വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇനി ബിജെപി അം​ഗം

By Web TeamFirst Published Jun 24, 2019, 2:58 PM IST
Highlights

പാർലമെന്റ് മന്ദിരത്തിൽ വച്ച് നടന്ന യോ​ഗത്തിൽ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയിൽ നിന്ന് ജയശങ്കർ അംഗത്വം സ്വീകരിച്ചു.

ദില്ലി: വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ ബിജെപിയിൽ ചേർന്നു. പാർലമെന്റ് മന്ദിരത്തിൽ വച്ച് നടന്ന യോ​ഗത്തിൽ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയിൽ നിന്ന് ജയശങ്കർ അംഗത്വം സ്വീകരിച്ചു. മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അനാരോഗ്യം മൂലം വീണ്ടും മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ അപ്രതീക്ഷിതമായി എത്തിയ ആളാണ് ജയശങ്കർ.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശകാര്യ നയങ്ങൾക്കും അമേരിക്കയുമായുള്ള സഹകരണത്തിനും നിർണായക പങ്ക് വഹിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി പദവിയിലെ ജയശങ്കറിന്‍റെ വിലപ്പെട്ട സേവനത്തിനുള്ള പ്രതിഫലമായാണ് അ​ദ്ദേഹത്തിന് മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി പദവി നൽകിയതെന്നാണ് സൂചന. നിലവിൽ ടാറ്റാ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ‍്‍സിന്‍റെ തലവനാണ് ജയശങ്കർ. 

കഴിഞ്ഞ മാർച്ചിൽ പദ്മശ്രീ പുരസ്കാരത്തിന് ജയശങ്കർ അർഹനായിരുന്നു. 2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കർ നിയമിതനായത്. മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാതാ സിംഗിന്റെ റിട്ടയർമെന്‍റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്   ജയശങ്കറിന്റെ നിയമനം.

മുൻ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കർ ഡോൿലാമിൽ ഇന്ത്യ - ചൈന സംഘർഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്നപരിഹാരത്തിന് നിർണായകമായ ഇടപെടൽ നടത്തിയിരുന്നു. പിന്നീട് അമേരിക്കൻ അംബാസിഡറായി എത്തിയ ജയശങ്കർ, ഇന്ത്യ - യുഎസ് ബന്ധത്തിന്‍റെ നിർണായക കണ്ണിയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു. 2018-ലാണ് എസ് ജയശങ്കർ വിരമിക്കുന്നത്. 1977-ലാണ് ജയശങ്കർ ഐഎഫ്എസ്സിലെത്തുന്നത്. പിന്നീട് സിംഗപ്പൂരിന്‍റെ ഹൈക്കമ്മീഷണറായ ശേഷമാണ് ജയശങ്കർ ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യൻ സ്ഥാനപതിയാകുന്നത്. 
 

 

 

click me!