
ദില്ലി: യുഎൻ യോഗത്തിന് ശേഷം പാകിസ്ഥാൻ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉചിതമായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2011ൽ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ പാക് മന്ത്രി ഹിന റബ്ബാനി ഖറിനോട് പറഞ്ഞ കാര്യം ഉദ്ധരിച്ചാണ് ജയശങ്കർ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തെ നേരിട്ടത്. വീട്ടുമുറ്റത്ത് വളർത്തുന്ന പാമ്പുകൾ അയൽക്കാരെ മാത്രമല്ല, വീട്ടുകാരെയും കടിയ്ക്കുമെന്നായിരുന്നു അന്ന് ഹിലരി ക്ലിന്റൺ പാക് മന്ത്രിയോട് പറഞ്ഞത്. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകളെ ഉദ്ദേശിച്ചായിരുന്നു ഹിലരിയുടെ പ്രസ്താവന.
ഇന്ത്യയെക്കാൾ മികച്ച രീതിയിൽ ഒരു രാജ്യവും ഭീകരവാദം ഉപയോഗിച്ചിട്ടില്ലെന്ന എന്ന പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്റെ പ്രസ്താവനയെക്കുറിച്ചായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. പാകിസ്ഥാൻ, ദില്ലി, കാബൂൾ എന്നിവിടങ്ങളിൽ ദക്ഷിണേഷ്യയിലേക്കുള്ള തീവ്രവാദത്തിന്റെ വ്യാപനം എന്ന് അവസാനിപ്പിക്കുമെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചു. നിങ്ങൾ ഈ ചോദ്യം തെറ്റായ മന്ത്രിയോടാണ് ചോദിച്ചതെന്നും സ്വന്തം രാജ്യത്തെ മന്ത്രിയോട് ചോദിക്കേണ്ടിയിരുന്നെന്നും ജയശങ്കർ മറുപടി നൽകി.
പാകിസ്ഥാൻ ചെയ്തതൊന്നും ആരും മറന്നിട്ടില്ലെന്നും ഇന്ത്യയെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയുമ്പോൾ സ്വന്തം ഭൂതകാലം ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ സ്വയം ശുദ്ധിയായി നല്ല അയൽക്കാരകാൻ ശ്രമിക്കണം. ആരാണ് ഭീകരവാദത്തിൽ ഏർപ്പെടുന്നതെന്നും എല്ലാവർക്കുമറിയാം. ലോകത്താരും വിഡ്ഢികളല്ലെന്ന് പാകിസ്ഥാൻ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഎൻ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ യോഗത്തിൽ പാകിസ്ഥാനെയും ചൈനയെയും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാൻ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമർശിച്ചു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇരട്ടതാപ്പ് നയം സ്വീകരിക്കുകയും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ തന്ത്രപരമായ വിട്ടുവീഴ്ചകൾ ഉണ്ടാകുന്നത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam