ജമ്മു കശ്മീരിലും പഞ്ചാബിലും ജാഗ്രത തുടരുന്നു; 38,000 കേന്ദ്ര സേനയെ വിന്യസിച്ചു

By Web TeamFirst Published Aug 3, 2019, 12:48 PM IST
Highlights

സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുമുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. 

ശ്രീന​ഗർ: അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്നു. ഇരു സംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

അമർനാഥ്‌ തീർഥാടകർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാ സേന ഇന്നലെ വൈകിട്ടോടെ ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു. ഭീകരർക്ക് പാക് സൈന്യത്തിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സേനാവക്താക്കള്‍ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ നിർമിത ആയുധങ്ങളിലൊന്ന് ഭീകരത്താവളങ്ങളിലുണ്ടായിരുന്നതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.

അമർനാഥിൽ നിന്ന് വൻ സ്ഫോടക ശേഖരം കണ്ടെത്തിയതിനെ തുടർന്ന് താഴ്‌വരയിൽ നിന്ന് ഒഴിഞ്ഞു പോകാൻ തീർഥാടകർക്കും കശ്മീരിലെ വിനോദ സഞ്ചാരികൾക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കര, വ്യോമ സേനയ്ക്കും കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി.  കശ്മീരിലെ രാഷ്ട്രീയ നേതാക്കളോട് സംയമനം പാലിക്കണമെന്ന് ഗവർണർ സത്യപാൽ മാലിക് ആവശ്യപ്പെട്ടു.

അതേസമയം, സോപോർ മേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് സേന ഭീകരനെ വധിച്ചത്.  

click me!