Latest Videos

മുംബൈയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്ന് കുട്ടികളുടെ കണ്ണുകള്‍ ശസ്ത്രക്രിയ ചെയ്ത് നീക്കി

By Web TeamFirst Published Jun 17, 2021, 8:43 PM IST
Highlights

4, 6, 14 വയസ്സുള്ള കുട്ടികളുടെ കണ്ണുകളാണ് രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇതില്‍ 14 വയസ്സുള്ള കുട്ടി പ്രമേഹരോഗിയായിരുന്നു. കൊവിഡ് ഭേദമായ നാലാമതൊരു കുട്ടിക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
 

മുംബൈ: ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്ന് കുട്ടികളുടെ കണ്ണുകള്‍ ശസ്ത്രക്രിയ ചെയ്ത് നീക്കി. മൂന്ന് കുട്ടികളുടെയും ഓരോ കണ്ണുകളാണ് നീക്കം ചെയ്തതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് കണ്ണ് നീക്കം ചെയ്തത്. 4, 6, 14 വയസ്സുള്ള കുട്ടികളുടെ കണ്ണുകളാണ് രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇതില്‍ 14 വയസ്സുള്ള കുട്ടി പ്രമേഹരോഗിയായിരുന്നു. കൊവിഡ് ഭേദമായ നാലാമതൊരു കുട്ടിക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിക്കും പ്രമേഹമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.  കൊവിഡ് ഭേദമായ കുട്ടികള്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് ഭേദമായതിന് ശേഷം രണ്ട് കുട്ടികള്‍ക്കാണ് ബ്ലാക്ക് ഫംഗസ് ഉണ്ടായത്. രണ്ട് പേര്‍ക്കും പ്രമേഹമുണ്ടായിരുന്നു. ഇതില്‍ 14കാരിയുടെ കണ്ണുകള്‍ 48 മണിക്കൂറിനുള്ളില്‍ കറുപ്പ് പടര്‍ന്നു. മൂക്കിലും ഫംഗസ് ബാധിച്ചു. ഭാഗ്യവശാല്‍ തലച്ചോറില്‍ ഫംഗസ് ബാധയുണ്ടായില്ല. ആറാഴ്ച കുട്ടിയെ ചികിത്സിച്ചു. പക്ഷേ ഒരു കണ്ണ് കുട്ടിക്ക് നഷ്ടമായി- ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ പീഡിയാട്രീഷ്യന്‍ ജെസല്‍ സേത്ത് പറഞ്ഞു. 

കൊവിഡ് ഭേദമായ 16കാരിക്ക് ആദ്യം പ്രമേഹമുണ്ടായിരുന്നില്ല. എന്നാല്‍ പെട്ടെന്ന് പ്രമേഹം ബാധിച്ചു. പരിശോധനയില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ആറ്, നാല് വയസ്സുള്ള കുട്ടികളെ മുംബൈ കെബിഎച്ച് ബച്ചൂഅലി ഒഫ്താല്‍മിക് ആശുപത്രിയിലും ഇഎന്‍ടി ആശുപത്രിയിലുമാണ് ചികിത്സിക്കുന്നതും. ഇരുവരും കൊവിഡ് രോഗികളുമാണ്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!