'ഡിജിറ്റല്‍ ഇന്ത്യ വൈഫൈ ടവറുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് സ്ഥിര ജോലി'; സത്യമെന്ത്?

By Web TeamFirst Published Feb 12, 2021, 10:40 PM IST
Highlights

ഡിജിറ്റല്‍ ഇന്ത്യ വൈ ഫൈ നെറ്റ്വര്‍ക്കിന്‍റെ ലെറ്റര്‍ പാഡിലാണ് പ്രചാരണം കൊഴുക്കുന്നത്. വിശ്വാസ്യതയ്ക്കായി അശോകചക്രവും ലെറ്റര്‍ പാഡില്‍ നല്‍കിയിട്ടുണ്ട്. 

'ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വൈ ഫൈ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്താന്‍ ടവറുകള്‍ സ്ഥാപിക്കാന്‍ രജിസ്ട്രേഷന്‍ ഫീസ് അടക്കുന്നവര്‍ക്ക് സ്ഥിര ജോലി'. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പണം സമ്പാദിക്കാനുള്ള അവസരമൊരുങ്ങുന്നവെന്നപേരില്‍ നടക്കുന്നത് വ്യാജ പ്രചാരണം. ഡിജിറ്റല്‍ ഇന്ത്യ വൈ ഫൈ നെറ്റ്വര്‍ക്കിന്‍റെ ലെറ്റര്‍ പാഡിലാണ് പ്രചാരണം കൊഴുക്കുന്നത്. വിശ്വാസ്യതയ്ക്കായി അശോകചക്രവും ലെറ്റര്‍ പാഡില്‍ നല്‍കിയിട്ടുണ്ട്. 

വൈഫൈ സംവിധാനത്തിന് ആവശ്യമായ ടവറുകള്‍ സ്ഥാപിക്കാന്‍ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കുന്നവര്‍ക്ക് വാടകയ്ക്കൊപ്പം സ്ഥിര ജോലിയും നല്‍കുന്നുവെന്നാണ് പ്രചാരണം. രജിസ്ട്രേഷന്‍ എടുക്കുന്നവര്‍ക്ക് 25000 രൂപയാണ് മാസം തോറും വാടകയായി നല്‍കുക. രജിസ്ട്രേഷന്‍ ഫീസിനായി ആവശ്യമായത് വെറും 820 രൂപയാണെന്നും പ്രചാരണം വാദിക്കുന്നു. എഗ്രിമെന്‍റ് ലെറ്റര്‍ എന്ന പേരിലാണ് ഈ ലെറ്റര്‍ ഹെഡ് ഫേസ്ബുക്ക്, വാട്ടസ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നത്. 

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യയുടെ പേരിലുള്ള ഈ പ്രചാരണം വ്യാജമാണെന്നും പിഐബി ട്വീറ്റില്‍ വിശദമാക്കി. 

click me!