
ദില്ലി: തെരുവുനായ വിഷയത്തിൽ വിമർശനവുമായി സുപ്രീംകോടതി. തെരുവു നായ ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ദില്ലി മുനിസിപ്പൽ കോപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. രണ്ടുമാസം മുമ്പ് നൽകിയ നോട്ടീസിനാണ് മറുപടി തരാൻ വൈകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്നും തുടർച്ചയായി തെരുവുനായ പ്രശ്നങ്ങൾ ആവർത്തിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രമടക്കം മറുപടി നൽകാത്തതിൽ സുപ്രീംകോടതി കടുത്ത വിമർശനമാണ് ഉയർത്തിയത്. സർക്കാരുകളുടെ നിസംഗതയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി കടുത്ത നടപടിയാണ് സ്വീകരിച്ചത്. ദില്ലി ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ ചീഫ് സെക്രട്ടറിമാർക്കും ഹാജരാകാൻ നിർദ്ദേശം നൽകി.
എല്ലാ ചീഫ് സെക്രട്ടറിമാരും സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകണം. കോടതി നിർദ്ദേശത്തിന് പിന്നാലെ കേരളം അടക്കം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ ഹാജരാകണം. കോടതി ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്ന് സുപ്രീംകോടതി വിശദമാക്കി. പശ്ചിമ ബംഗാൾ തെലങ്കാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഒഴികെയുള്ളവരെയാണ് സുപ്രീം കോടതി വിളിച്ച് വരുത്തിയത്.
നേരത്തെ ഓഗസ്റ്റ് 22ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും വിഷയത്തിൽ സത്യവാങ്മൂലം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരുടെ ബഞ്ചാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാൾ, തെലങ്കാന, ദില്ലി കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നാണ് വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇതിന് പിന്നാലെയാണ് അടുത്ത തിങ്കളാഴ്ച സത്യവാങ്മൂലം നൽകാത്തതിന്റെ കാരണം കോടതിയിൽ ഹാജരാക്കി വിശദീകരിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സത്യവാങ്മൂലം ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങൾ ഹാജരാവുന്നതിൽ വീഴ്ച വരുത്തരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ അസാധാരണ നടപടി. ഇത്രയേറെ ചർച്ചയായ വിഷയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സംഭവം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ എന്ന് കോടതി ചോദിച്ചു. ഈക്കാര്യത്തിൽ വീഴച്ചയുണ്ടായിയെന്ന് നീരീക്ഷിച്ചാണ് കോടതി കർശന നിലപാട് എടുത്തത്.നായ്ക്കൾക്കെതിരായ ക്രൂരതയെക്കുറിച്ച് അഭിഭാഷകൻ പരാമർശിച്ചപ്പോൾ മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് കോടതി ചോദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam