
ചെന്നൈ : ഭാര്യയെ കൊന്ന് സിദ്ധനായി ആൾമാറാട്ടം നടത്തി പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ കൊലയാളി ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായത്.
2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങൾക്ക് ഒപ്പം മേശയുടെ അടിയിൽ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്. അമ്മയെ അന്വേഷിച്ച മക്കളോട് അമ്മ പുറത്തുപോയെന്ന് കള്ളം പറഞ്ഞാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട്, പിറ്റേദിവസം വീട്ടിലെത്തിയ വാണിയുടെ അമ്മ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം വീട്ടിലെ മേശയ്ക്ക് അടിയിൽ കണ്ടെത്തിയത്.
പൊലീസിനെ വെട്ടിച്ച് ദില്ലിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധൻ ചമഞ്ഞാണ് ജീവിച്ചത്. സിദ്ധൻ വേഷത്തിൽ ദില്ലിയിൽ അടക്കം ആശ്രമങ്ങളിൽ തങ്ങിയ പ്രതി, തിരിച്ച് തമിഴ്നാട്ടിലേക്ക് എത്തുകയും തീർത്ഥടന കേന്ദ്രങ്ങളിൽ സജീവമാകുകയുമായിരുന്നു. വാണി കേസിൽ അടുത്തിടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിൾ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതിൽ നിർണായകമായത്. പുലർച്ചെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തമിഴ്നാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam