അച്ഛനെ പിടികൂടിയ പുള്ളിപ്പുലിയെ ബഹളം വച്ച് ഓടിക്കാൻ ശ്രമിച്ചതോടെയാണ് പുലി യുവാവിനെതിരെ തിരിഞ്ഞത്.

സോമനാഥ് ഗിർ: മകനെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ പുലിയെ കൊന്ന് 60കാരനായ അച്ഛൻ. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ അച്ഛനും മകനും എതിരെ കേസ് എടുത്ത് വനംവകുപ്പ്. ഗുജറാത്തിലെ ഗിർ സോമനാഥിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയോധികനും മകനുമെതിരെയാണ് കേസ്. ബാബുഭായ് നരൻഭായ് വജ എന്ന അറുപതുകാരനും മകൻ ശാർദൂലിനുമെതിരെയാണ് കേസ്. ബുധനാഴ്ച സന്ധ്യയ്ക്ക് വീടിന്റെ മുൻവശത്തെ ചായ്പിൽ ഇരുന്നിരുന്ന ബാബുഭായ് നരൻഭായ് വജയ്ക്ക് നേരെ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ടാണ് 27 വയസുള്ള ശാർദൂൽ വീടിന് പുറത്തേക്ക് എത്തിയത്. പുലിയെ പേടിപ്പിക്കാൻ 27കാരൻ ബഹളം വച്ചു. ഇതോടെ പുലി യുവാവിന് നേരെ തിരിയുകയായിരുന്നു. 27കാരന്റെ കഴുത്തിൽ പുള്ളിപ്പുലി കടിച്ചതോടെ മകനെ രക്ഷിക്കാൻ 60കാരൻ കയ്യിൽ കിട്ടിയ ആയുധവുമായി എത്തുകയായിരുന്നു. അരിവാളിന് വെട്ടും കുന്തത്തിനുള്ള കുത്തുമേറ്റ് പുലി ചത്തു. സംഭവത്തിൽ അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം ഉനയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് സംഘം സ്ഥലത്തെത്തി സംഭവത്തിനുപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. പുലിയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എന്നാൽ, ജീവൻ രക്ഷിക്കാൻ പുലിയെ കൊന്ന ബാബുഭായിക്കും ശാർദൂലിനുമെതിരെ വന്യമൃഗത്തെ കൊന്നതിന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം