വ്യാജവാർത്തകൾ പെയ്ഡ് ന്യൂസിനേക്കാൾ അപകടം; ഡിജിറ്റൽ ഉള്ളടക്കത്തിൽ സ്വയംനിയന്ത്രണം വേണമെന്ന് പ്രകാശ് ജാവദേക്കര്‍

By Web TeamFirst Published Aug 28, 2020, 1:23 PM IST
Highlights

ലോകത്തിലെ പല രാജ്യങ്ങളും വ്യാജ വാർത്താ ഭീഷണികൾ നേരിടുന്നുണ്ടെന്നും ഇവരെല്ലാം തന്നെ ഇതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 


ദില്ലി: പെയ്‍ഡ് ന്യൂസിനേക്കാൾ അപകടകരമാണ് വ്യാജവാർത്തകളെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. ഇത്തരം വാർത്തകളുടെ ഭീഷണി ഒഴിവാക്കാൻ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്പോള്‍ സ്വയം നിയന്ത്രണം ആവശ്യമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. 

'വ്യാജവാർത്തകൾ എന്താണോ അത്രത്തോളം അപകടകരമല്ല പെയ്ഡ് ന്യൂസ്. വ്യാജവാർത്തകൾക്ക് സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശക്തിയുണ്ട്. സമൂഹമാധ്യമങ്ങൾ വഴി കൃത്രിമമായി രൂപപ്പെടുന്ന പൊതുജനാഭിപ്രായങ്ങൾ പൊതുജീവിതത്തിന് ​ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്.'  ഐ.എ.എം.എ.ഐയുടെ വിർച്വൽ യോഗത്തിൽ പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളും വ്യാജ വാർത്താ ഭീഷണികൾ നേരിടുന്നുണ്ടെന്നും ഇവരെല്ലാം തന്നെ ഇതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

;സ്വയം നിയന്ത്രിക്കുന്നതിനായി ഒരു സംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ലോകത്തെ എല്ലാ രാജ്യങ്ങളും ഈ ഭീഷണിയുടെ ഭാരം വഹിക്കേണ്ടി വരും. വ്യാജവാർത്തകൾ രാഷ്ട്രീയ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. എല്ലാ മേഖലകളെയും ബാധിക്കുന്ന വിഷയമാണിത്. വ്യാജവാർത്തകൾ പെയ്ഡ് ന്യൂസിനേക്കാൾ അപകടകരമാണ്. അവയെ നേരിടാൻ നാം തയ്യാറാകേണ്ടതുണ്ട്.; ജാവദേക്കർ പറഞ്ഞു. 

അച്ചടി മാധ്യമങ്ങളേക്കാൾ ശക്തി ഇപ്പോൾ ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കുണ്ട്. വാട്ട്സ് ആപ്പ് പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെ  ജനങ്ങൾ വിശ്വസിക്കാൻ തയ്യാറാകും. ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള വ്യാജവാർത്തകൾ തടയാൻ പ്രത്യേക ഫാക്റ്റ് ചെക്ക് ടീമിനെ  സർക്കാർ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. 

click me!