
അഹമ്മദാബാദ്: ഗുജറാത്തിൽ വ്യാജ ടൊമാറ്റോ കെച്ചപ്പും സോസും നിർമിക്കുന്ന ഫാക്ടറി അധികൃതർ പൂട്ടിച്ചു. അഹമ്മദാബാദിലെ ഗോട്ട മെൽദി എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന 'ആയി ശ്രീ ഖോഡിയാർ ഗൃഹ് ഉദ്യോഗ്' എന്ന ഫാക്ടറിയാണ് അഹമ്മദാബാദിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി പൂട്ടിച്ചത്. ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ തക്കാളി ഉപയോഗിക്കാതെ ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും എസ്സൻസുകളും ഉപയോഗിച്ചാണ് തക്കാളി സോസും കെച്ചപ്പും ഉൾപ്പെടെ നിർമിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഫാക്ടറി സീൽചെയ്തത്.
തക്കാളി സോസും കെച്ചപ്പും ചട്ണിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് ഈ ഫാക്ടറിയിൽ നിർമിച്ചിരുന്നതെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഭക്ഷ്യസുരക്ഷാ ഓഫീസറായ മഹേന്ദ്ര പട്ടേൽ പറഞ്ഞു. എന്നാൽ, തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റും ഇതിന്റെ പൊടിയുമാണ് ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം വെള്ളം കൃത്രിമ നിറങ്ങളും എസ്സൻസുകളും ഉപയോഗിച്ച് നിർമിച്ച ഉത്പന്നങ്ങളാണ് തക്കാളി സോസ് എന്ന പേരിൽ വിപണിയിൽ എത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ വലിയ പാത്രങ്ങളിൽ സൂക്ഷിച്ചിരുന്ന കിലോക്കണക്കിന് വ്യാജ തക്കാളി സോസ് അധികൃതർ പിടിച്ചെടുത്തു. ആകെ 5000 കിലോയുടെ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം വരുന്ന അസംസ്കൃതവസ്തുക്കളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ലാബിലെ പരിശോധനയ്ക്കായി ഫാക്ടറിയിൽനിന്ന് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ലാബിലെ പരിശോധനാ ഫലം ലഭിച്ചശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. രണ്ടുദിവസം മുൻപ് ബെഹ്റാംപുരയിലെ മറ്റൊരു ഫാക്ടറിയിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഏകദേശം 2000 കിലോയോളം വരുന്ന വ്യാജ തക്കാളി സോസും മറ്റ് ഉത്പന്നങ്ങളുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam