'പന്തൽ തകർന്നുവീഴും, ഇവിടെ നിന്ന് മാറൂ'; മൈക്ക് അനൗൺസ്മെൻ്റ് കേട്ട് ആളുകൾ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങൾ പുറത്ത്; പൊലിഞ്ഞത് 19 ജീവൻ

Published : Oct 18, 2026, 01:04 PM IST
Kolkata Stampede Death

Synopsis

കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരണപ്പെട്ട സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന മൈക്ക് അനൗൺസ്മെൻ്റിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ ഉണ്ടായ ദുരന്തത്തിലേക്ക് നയിച്ചത് മൈക്ക് അനൗൺസ്മെൻ്റാണെന്ന പ്രാഥമിക കണ്ടെത്തൽ ശരിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പന്തൽ തകരുമെന്നും ദയമായി ആളുകൾ മാറണമെന്നും മൈക്ക് അനൗൺസ്മെൻ്റിലൂടെ പറയുന്നത് കേട്ട് ആളുകൾ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആരാണ് അനൗൺസ്മെൻ്റ് നടത്തിയതെന്നും എന്താണ് അതിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പൂജാ കമ്മിറ്റി നടത്തിയ മൈക്ക് അനൗൺസ്മെൻ്റാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചിരുന്നു.

പന്തലിൻ്റെ അവസ്ഥ വളരെ മോശമാണെന്നും തകർന്നു വീഴുമെന്നും ആളുകൾ മാറണമെന്നും ആവശ്യപ്പെടുന്ന മൈക്ക് അനൗൺസ്മെൻ്റ് ദൃശ്യങ്ങളിൽ കേൾക്കാം. ഇതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ അഭാവവും അനൗൺസ്മെൻ്റിനെ തുട‍ർന്നുണ്ടായ പരിഭ്രാന്തിയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി മുതി‍ർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദ‍ൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചു. സ്ഥലത്ത് ആവശ്യത്തിന് പൊലീസ് വിന്യാസം ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

പന്തലിലേക്കുള്ള ​ഗേറ്റും അപ്രോച്ചും റോഡും ഇടുങ്ങിയതായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിഭ്രാന്തിയെ തുട‍‍ർന്ന് ആളുകൾ, പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിക്കും തിരക്കും ഉണ്ടായെന്നും പൊലീസ് വ്യക്തമാക്കുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ദൃക്സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.

19 മരണം, 25 പേർ ആശുപത്രിയിൽ

വടക്കൻ കൊൽക്കത്തയിലെ ശാരദ പാർക്കിലെ ചോർഭാഗനിൽ ശനിയാഴ്ച വൈകിട്ട് 7:40 ഓടെയായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് 19 പേരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുമ്പോൾ മറ്റ് 25 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. മഴ പെയ്തതോടെ പൂജ നടക്കുന്ന ഇടുങ്ങിയ സ്ഥലത്തേക്ക് ആളുകൾ തിക്കി തിരക്കി കയറിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഈ ഭാഗത്ത് വെളിച്ചക്കുറവുണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു. പൊലീസും അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേന എത്തിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

മുഖ്യമന്ത്രി സുവേന്ദു അധികാരി, ചീഫ് സെക്രട്ടറി മനോജ് അഗർവാൾ എന്നിവർ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. പോസ്റ്റുമോർട്ടം വേഗത്തിലാക്കാൻ ഉള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം സഹായധനം പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ചികിത്സയും അഞ്ചുലക്ഷം സഹായ ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാലാശ്വാസമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ടുലക്ഷം രൂപയും പരിക്കേറ്റവരക്ക് അമ്പതിനായിരം രൂപ വീതവും അനുവദിച്ചു.

സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ബംഗാളിലുള്ള അമിത് ഷായോട് രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നിർദേശിച്ചു. അമിത് ഷാ ബംഗാളിലെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിക്കാൻ കൊൽക്കത്ത ഹൈക്കോടതിയോടാവശ്യപ്പെടുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു. സംഭവത്തിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ, രാഹുൽ ഗാന്ധി എന്നിവർ നടുക്കം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ നേതാക്കൾ അണികൾക്ക് നിർദേശവും നൽകി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം; രാജ്യത്ത് 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും
​ദു‍ർ​ഗാപൂജ പന്തലിലെ ദുരന്തത്തിന് കാരണം മൈക്ക് അനൗൺസ്മെൻ്റ്? സംഘാടകരടക്കം ഏഴുപേർ അറസ്റ്റിൽ; കൊൽക്കത്തയിൽ നിരോധനാജ്ഞ