50000 രൂപ നൽകിയാൽ ഡോക്ട്രേറ്റ്, യുജിസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും തട്ടിപ്പ് തുടർന്ന് വ്യാജ സ‍ർവകലാശാല

By Web TeamFirst Published Jul 28, 2021, 11:27 AM IST
Highlights

യുജിസി ആസ്ഥാനത്തിന് വെറും 25 കിലോ മീറ്റര്‍ അകലെയാണ് വിശ്വകര്‍മ്മ ഓപ്പണ്‍ സർവകലാശാല. ഒന്ന് വിളിക്കേണ്ട താമസം കോഴ്സുകളും ഡോക്ടറേറ്റും വരെ ഈ സർവ്വകലാശാല അധികൃതർ വാഗ്ദാനം ചെയ്യുന്നു. അന്‍പതിനായിരം രൂപ നൽകിയാൽ ഡോക്ടറേറ്റ് നൽകാമെന്നാണ് വാഗ്ദാനം. 

ദില്ലി: യുജിസി വ്യാജ സർവകലാശാല പട്ടികയില്‍ പെടുത്തിയ പല സ്ഥാപനങ്ങളും രാജ്യത്ത് ഇപ്പോഴും പ്രവർത്തിക്കുകയാണ്. ഡോക്ടറേറ്റ് വരെ നല്‍കാന്‍ തയ്യാറായാണ് പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. അന്‍പതിനായിരം രൂപ വരെ ഈടാക്കിയാണ് ഡോക്ടറേറ്റ് നല്‍കുന്നത്.
ഏറ്റവും ഒടുവില്‍ യുജിസി പുറത്തിറക്കിയ വ്യാജ സ‍ർവകലാശാലകളുടെ പട്ടികയിൽ രാജ്യതലസ്ഥാനത്ത് മാത്രമുള്ളത് എട്ട് വ്യാജസർവകലാശാലകള്‍. യുജിസി കരിമ്പട്ടികയില്‍ പെടുത്തിയത് കൊണ്ടുമാത്രം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചോ എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

യുജിസി ആസ്ഥാനത്തിന് വെറും 25 കിലോ മീറ്റര്‍ അകലെയാണ് വിശ്വകര്‍മ്മ ഓപ്പണ്‍ സർവകലാശാല. ഒന്ന് വിളിക്കേണ്ട താമസം കോഴ്സുകളും ഡോക്ടറേറ്റും വരെ ഈ സർവ്വകലാശാല അധികൃതർ വാഗ്ദാനം ചെയ്യുന്നു. അന്‍പതിനായിരം രൂപ നൽകിയാൽ ഡോക്ടറേറ്റ് നൽകാമെന്നാണ് വാഗ്ദാനം. 

യുജിസി എല്ലാവ‍ർഷവും പുറത്തിറക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടികയില്‍ 2017 മുതല്‍ ദില്ലിയിലെ വിശ്വകര്‍മ ഓപ്പണ്‍ സർവകലാശാലയെന്ന തട്ടിക്കൂട്ട് സ്ഥാപനവുമുണ്ട്.  വെബ്സൈറ്റില്‍ വലിയ വാഗ്ദാനങ്ങളുമായി ഒരു കെട്ടിടത്തിന്‍റെ നാലാം നിലയിലെ രണ്ട് മുറികളില്‍ സർവകലാശാല 2021 ലും പ്രവര്‍ത്തിക്കുകയാണ്.

140ൽ അധികം കോഴ്സുകള്‍ക്ക് പുറമെ ഡോക്ട്റേറ്റ് വേണമെങ്കില്‍ അതും തരും. ഇതിനോടകം തന്നെ എത്രയോ പേര്‍ക്ക് സർവകലാശാല ഡോക്ടറേറ്റ് നല്‍കി കഴിഞ്ഞു. കോഴ്സുകളുടെ പട്ടികയില്‍  ആയുർവേദവും ഉണ്ട്. ചികിത്സയും മാര്‍ക്കറ്റിങും പഠിക്കാം. യുജിസിയുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ ഇത്തരം വ്യാജന്‍മാര്‍ക്കെതിരെ സർക്കാര്‍ കനത്ത നടപടിയെടുക്കേണ്ടിയിരുന്നു. എന്നാല്‍ ഇതുവരെ അതുണ്ടായില്ല.

click me!