നൂറുകണക്കിന് പേര്‍ക്ക് 'വാക്സിന്‍' നല്‍കി വ്യാജ വാക്സിനേഷന്‍ ക്യാംപുകള്‍; 'വാക്സിനെടുത്തവരില്‍' എംപിയും.!

By Web TeamFirst Published Jun 24, 2021, 2:12 PM IST
Highlights

ചൊവ്വാഴ്ച ഇത്തരത്തില്‍ നടത്തിയ ഒരു ക്യാംപിലേക്കാണ് ബംഗാളിലെ ജാദ്വപൂരിലെ എംപിയായ മിമി ചക്രബര്‍ത്തി ക്ഷണിക്കപ്പെട്ടത്. കൊല്‍ക്കത്തയിലെ കസബയില്‍ നടന്ന ഈ ക്യാമ്പിലെ ആദ്യത്തെ വാക്സിന്‍ കുത്തിവയ്പ്പ് എടുത്ത് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

കൊല്‍ക്കത്ത: നൂറുകണക്കിന് പേര്‍ക്ക് കുത്തിവയ്പ്പ് നടത്തിയ വ്യാജ വാക്സിനേഷന്‍ ക്യാംപ് തട്ടിപ്പ് പൊളിച്ച് കൊല്‍ക്കത്ത പൊലീസ്. കൊല്‍ക്കത്ത നഗരത്തില്‍ അരങ്ങേറിയ ഈ വാക്സിന്‍ കുത്തിവയ്പ്പ് തട്ടിപ്പിന് നടിയും എംപിയുമായ മിമി ചക്രബര്‍‍ത്തിയും ഇരയായി  എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ ദേബന്‍ജന്‍ ദേബ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 28 വയസുള്ള ഇയാള്‍ ഐഎഎസ് ഓഫീസറായി നടിച്ചാണ് വ്യാജ വാക്സിനേഷന്‍ ക്യാംപ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഇത്തരത്തില്‍ നടത്തിയ ഒരു ക്യാംപിലേക്കാണ് ബംഗാളിലെ ജാദ്വപൂരിലെ എംപിയായ മിമി ചക്രബര്‍ത്തി ക്ഷണിക്കപ്പെട്ടത്. കൊല്‍ക്കത്തയിലെ കസബയില്‍ നടന്ന ഈ ക്യാമ്പിലെ ആദ്യത്തെ വാക്സിന്‍ കുത്തിവയ്പ്പ് എടുത്ത് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ വാക്സിന്‍ കുത്തിവയ്പ്പ് എടുത്ത ശേഷവും വാക്സിന്‍ എടുത്തു എന്ന സന്ദേശമോ, സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ല. ഇതോടെ സംശയം തോന്നിയ മിമി ക്യാമ്പ് അധികൃതരോട് കാര്യം തിരക്കി. ഇപ്പോഴാണ് നാല് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്ന മറുപടി ലഭിച്ചത്.

ഇതില്‍ സംശയം തോന്നിയ എംപി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭിന്നലിംഗക്കാര്‍ക്കും, വൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള ക്യാമ്പാണ് എന്ന് പറഞ്ഞാണ് തന്നെ ക്ഷണിച്ചതെന്നും, എന്നാല്‍ അവരുടെ ചില കാര്യങ്ങള്‍ പ്രശ്നമാണെന്ന് മനസിലായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു, മിമി പിന്നീട് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

ആറ് ദിവസത്തില്‍ കസബയിലെ ക്യാമ്പില്‍ നിന്നും 250 പേര്‍ക്ക് വ്യാജ വാക്സിന്‍ കുത്തിവയ്പ്പ് നല്‍കിയെന്നാണ് കൊല്‍ക്കത്ത പൊലീസ് പറയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ദേബ് ഇത്തരം വ്യാജ വാക്സിനേഷന്‍ ക്യാമ്പുകള്‍ വടക്കന്‍ കൊല്‍ക്കത്തയിലും, സെന്‍ട്രല്‍ കൊല്‍ക്കത്തയിലും നടത്തിയതായി തെളിഞ്ഞു. ഇയാള്‍ ജൂണ്‍ 3ന് സോനാര്‍പൂരിലും ഒരു വ്യാജ വാക്സിനേഷന്‍ പരിപാടി നടത്തി.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വണ്ടിയില്‍ അവര്‍ നിയോഗിച്ച ഐഎഎസ് ഓഫീസര്‍ എന്ന നിലയിലാണ് ഇയാള്‍ വാക്സിനേഷന്‍ പരിപാടി നടത്തിയത്. അതേ സമയം ഇയാള്‍ വാക്സിനേഷന്‍ എന്ന് പറഞ്ഞ് കുത്തിവച്ചത് എന്താണെന്ന് സംബന്ധിച്ച് പരിശോധിക്കാന്‍ പിടിച്ചെടുത്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്. അതേ സമയം താന്‍ നല്‍കുന്നത് യഥാര്‍ത്ഥ വാക്സിന്‍ തന്നെയാണ് എന്നാണ് ഇയാള്‍ പൊലീസിനോട് അവകാശപ്പെടുന്നത്. കൊല്‍ക്കത്ത ബാക്രി മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ വാക്സിന്‍ വാങ്ങിയത് എന്നാണ് പറയുന്നത്.

അതേ സമയം കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ ക്യാന്പില്‍ നിന്നും വാക്സിനെടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ പേരില്‍ പ്രചാരണ  ബോര്‍ഡുകളും മറ്റും ഉപയോഗിച്ചായിരുന്നു വ്യാജ വാക്സിനേഷന്‍ എന്നത് കോര്‍പ്പറേഷന്‍ ഗൗരവമായി കാണുന്നുണ്ടെന്നാണ് കെഎംസി അധികൃതര്‍ പ്രതികരിച്ചത്.

അതേ സമയം ക്യാന്പ് സംഘടിപ്പിച്ചതിന് ഇപ്പോള്‍ പിടിയിലായ ദേബ്, കുറേക്കാലമായി ഐഎഎസ് എഴുതിയെടുക്കാന്‍ ശ്രമിക്കുന്നയാളാണ് എന്നാണ് ഇയാളുടെ വീട്ടുകാര്‍ പറയുന്നത്. ഇയാള്‍ ഐഎഎസ് ഓഫീസറുടെതെന്ന് പറഞ്ഞ് ഉപയോഗിച്ച കാര്‍ ഇവരുടെ വീട്ടിലെ തന്നെയാണ്. അതേ സമയം ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം ഇയാള്‍ നടത്തുന്നതായി വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. അതേ സമയം ദേബിന്‍റെ വ്യാജ ക്യാമ്പ് കണ്ടെത്താന്‍ സാധിക്കാതിരുന്നത് വലിയ പിഴവാണ് എന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. അതേ സമയം എന്തിനാണ് ഇത്തരം ഒരു ക്യാമ്പ് നടത്തിയത് എന്നതിന് വ്യക്തമായ ഉത്തരം ദേബ് നല്‍കിയിട്ടില്ല. തന്‍റെ എന്‍ജിഒയുടെ പേരിന് വേണ്ടിയാണ് എന്നാണ് ഇയാള്‍ പറയുന്നത്. പക്ഷെ അത്തരം ഒരു എന്‍ജിഇ ഇയാള്‍ റജിസ്ട്രര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ വാക്സിന്‍ വാങ്ങിയെന്ന് പറയുന്നയിടത്ത് ഇയാളെയും കൂട്ടി തെളിവെടുപ്പിലേക്ക് നീങ്ങുകയാണ് കൊല്‍ക്കത്ത പൊലീസ് ഇപ്പോള്‍.
 

click me!