
ദില്ലി: ബാലകോട്ട് ആക്രമണത്തിന് പ്രതികാരം ചെയ്യാനെത്തിയ പാക്കിസ്ഥാന്റെ എഫ് 16 പോർവിമാനം തകർത്തതിന് അഭിനന്ദൻ വർദ്ധമാന്റെ ടീമിന് ആദരം. ഇന്ത്യൻ വ്യോമസേനയിലെ മിഗ് 21 ബൈസൻ സ്ക്വാഡ്രൻ നമ്പർ 51 (MiG-21 Bison Squadron No. 51) എന്ന ടീമിന് ഇനി മേൽക്കുപ്പായത്തിൽ ഒരു പുതിയ ബാഡ്ജ് കൂടി ലഭിക്കും. എഫ് 16 പോർവിമാനം തകർത്തതിനെ സൂചിപ്പിക്കാൻ "ഫാൽക്കൻ സ്ലേയർ" എന്നും, എഫ് 16 വിമാനത്തിലെ മിസൈലുകളെ ആകാശത്ത് വച്ച് തന്നെ തകർത്തതിന് "അമ്രാം ഡോഡ്‌ജറെന്നും കുറിച്ചതാണ് ബാഡ്ജ്.
ബാലകോട്ട് ആക്രമണത്തിന് ഇന്ത്യയെ തിരിച്ചടിക്കാൻ ഏറ്റവും ശക്തിയേറിയ എഫ് 16 യുദ്ധവിമാനങ്ങളാണ് പാക് വ്യോമസേന ഉപയോഗിച്ചത്. ശ്രീനഗറിലെ ഇന്ത്യൻ വ്യോമത്താവളമായിരുന്നു ലക്ഷ്യം. എന്നാൽ മിഗ് 21 വിമാനങ്ങളുമായി ഇന്ത്യ ചെറുത്തു. പാക് എഫ് 16 വിമാനങ്ങളിലൊന്നിനെ തകർത്തത് അഭിനന്ദൻ വർദ്ധമാനാണ്. ഇതിന് തൊട്ടുപിന്നാലെ പാക് മിസൈലേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനവും തകർന്നിരുന്നു. തകർന്ന വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ട അഭിനന്ദൻ പാക് അതിർത്തിക്കുള്ളിലാണ് പറന്നിറങ്ങിയത്.
പിന്നീട് അമേരിക്കൻ ഇടപെടലിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അഭിനന്ദനെ 51ാം സ്ക്വാഡ്രനിൽ നിന്ന് 23ാം സ്ക്വാഡ്രനിലേക്ക് മാറ്റിയിരുന്നു. പോർവിമാനം തകർത്തതിന്റെ വ്യക്തിപരമായ നേട്ടം അഭിനന്ദനാണെങ്കിലും ഈ ബാഡ്ജ് 51ാം നമ്പർ സ്ക്വാഡ്രനാണ് നൽകിയിരിക്കുന്നത്. ഇത് സംഘശക്തിയുടെ അടയാളമായാണ് ഇന്ത്യൻ വ്യോമസേന കാണുന്നത്. പോരാട്ടത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തിന്റെ സു-30എംകെഐ സ്ക്വാഡ്രന് അമ്രാം ഡോഡ്ജർ ബാഡ്ജ് ലഭിക്കും. നാലോ അഞ്ചോ പാക് മിസൈലുകളെ തകർത്തത് ഈ സംഘമാണ്. തുണി കൊണ്ടുള്ളതാണ് ഈ ബാഡ്ജ്. ചരിത്രപരമായ നേട്ടത്തെ എന്നും ഓർമ്മിപ്പിക്കാനാണ് സൈനിക സംഘത്തിന്റെ യൂനിഫോമിൽ ഈ മുദ്ര പതിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam