
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം, കേന്ദ്രം 'വണ്‍ ഫാമിലി വണ്‍ ജോബ്' പദ്ധതിക്ക് കീഴില്‍ ഏറെപ്പേര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായിരിക്കുകയാണ്, വേഗം അപേക്ഷിക്കുക എന്നുള്ള ഒരു വീഡിയോ യൂട്യൂബില്‍ കാണാം. എന്നാല്‍ വീഡിയോയില്‍ പറയുന്നത് പോലെയല്ല ഇതിന്‍റെ വസ്തുത എന്നതാണ് യാഥാര്‍ഥ്യം.
പ്രചാരണം
വണ്‍ ഫാമിലി വണ്‍ ജോബ് പദ്ധതിക്ക് കീഴില്‍ വിവിധ പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. 18000 രൂപ മുതല്‍ 28000 രൂപ വരെ ഈ ജോലികള്‍ക്ക് വേതനമായി ലഭിക്കും എന്നും വീഡിയോയില്‍ പറയുന്നു. യൂട്യൂബില്‍ ഗവണ്‍മെന്‍റ് ഗ്യാന്‍ എന്ന ചാനല്‍ വഴിയാണ് വീഡിയോ പ്രചരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ഏറെ വീഡിയോകള്‍ ഗവണ്‍മെന്‍റ് ഗ്യാന്‍ ചാനല്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്നതിനാല്‍ പലരും ഈ ദൃശ്യം കണ്ട് വിശ്വസിച്ചു. ഈ സാഹചര്യത്തില്‍ ഇതിന്‍റെ വസ്തുത എന്താണ് എന്ന് നോക്കാം.
വസ്തുത
എന്നാല്‍ യൂട്യൂബ് വീഡിയോയില്‍ അവകാശപ്പെടുന്നത് പോലെ വണ്‍ ഫാമിലി വണ്‍ ജോബ് പദ്ധതിക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന വീഡിയോ വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. അതിനാല്‍ തന്നെ ആരും ഈ വീഡിയോ കണ്ട് തൊഴിലിനായി അപേക്ഷിക്കാന്‍ മുതിരേണ്ടതില്ല. അപേക്ഷിക്കാന്‍ ശ്രമിച്ച് അനാവശ്യമായി വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണവും ആരും കൈമാറാതിരിക്കാനും ശ്രദ്ധിക്കുക.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പേര് പറഞ്ഞുള്ള തട്ടിപ്പുകളെ കുറിച്ച് പിഐബി ഫാക്ട് ചെക്ക് മുമ്പും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
Read more: 50+15=73 എന്ന് രാഹുല്‍ ഗാന്ധി തെറ്റായി പ്രസംഗിച്ചോ? വൈറല്‍ വീഡിയോയുടെ വസ്തുത- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam