പ്രധാനമന്ത്രി ലഡ്‌ലി ലക്ഷ്‌മി യോജന പദ്ധതി പ്രകാരം എല്ലാ പെണ്‍കുട്ടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 1,60,000 രൂപ നല്‍കുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്

ദില്ലി: എല്ലാ പെണ്‍കുട്ടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 1,60,000 രൂപ നല്‍കുന്നതായി സാമൂഹ്യമാധ്യമമായ യൂട്യൂബില്‍ പ്രചാരണം സജീവം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ ഏറെ തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും പ്രചരിക്കാറുണ്ട് എന്നതിനാല്‍ ഈ പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് നോക്കാം.

പ്രചാരണം

പ്രധാനമന്ത്രി ലഡ്‌ലി ലക്ഷ്‌മി യോജന പദ്ധതി പ്രകാരം എല്ലാ പെണ്‍കുട്ടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 1,60,000 രൂപ നല്‍കുന്നു എന്നാണ് ഒരു യൂട്യൂബ് വീഡിയോയില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ പദ്ധതി പ്രകാരം തുക ലഭിക്കാന്‍ എങ്ങനെ അപ്ലൈ ചെയ്യണം എന്നത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍ പറയുന്നില്ല എന്നത് സംശയം ജനിപ്പിക്കുന്നു. ഈ വീഡിയോയില്‍ അവകാശപ്പെടുന്നത് പോലെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും 1,60,000 രൂപ നല്‍കുന്നുണ്ടോ?

വസ്‌തുത

യൂട്യൂബ് വീഡിയോയില്‍ അവകാശപ്പെടുന്നത് പോലെ കേന്ദ്ര സര്‍ക്കാര്‍ തുക പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരമൊരു പദ്ധതി പോലും കേന്ദ്ര സര്‍ക്കാരിനില്ല എന്ന കാര്യമാണ് ഏവരും ആദ്യം മനസിലാക്കേണ്ടത്. യൂട്യൂബ് വീഡിയോയിലെ വിവരങ്ങള്‍ തെറ്റാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം (പിഐബി ഫാക്ട് ചെക്ക്) അറിയിച്ചു. 

Scroll to load tweet…

പ്രധാനമന്ത്രി ലഡ്‌ലി ലക്ഷ്‌മി യോജന പദ്ധതി പ്രകാരം എല്ലാ പെണ്‍കുട്ടികള്‍ക്കും 1,60,000 രൂപ നല്‍കുന്ന പദ്ധതിയെ കുറിച്ചുള്ള വ്യാജ പ്രചാരം മുമ്പും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇത് അടക്കം അനേകം വ്യാജ സന്ദേശങ്ങളാണ് ഇല്ലാത്ത കേന്ദ്ര പദ്ധതികളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

Read more: കേരളത്തിലെ ആനയുടെ നൃത്തം ഉത്തരേന്ത്യ വരെ വൈറല്‍; പക്ഷേ വീഡിയോയില്‍ ട്വിസ്റ്റ്! Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം