ദില്ലി: ഷഹീൻ ബാഗിലെ സമരക്കാർക്ക് നേരെ വെടിയുതിർത്ത കപിൽ ഗുജ്ജർ ആം ആദ്മി പാർട്ടി അംഗമാണെന്ന ദില്ലി പൊലീസിന്‍റെ വാദം തള്ളി കുടുംബം. കപിലിന് ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് പ്രതിയുടെ അച്ഛനും സഹോദരനും വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ആം ആദ്മി പാർട്ടിയുടെ നേതാക്കൾ എത്തിയപ്പോൾ കപിലിനും തനിക്കും കുടുംബത്തിലുള്ളവർക്കും തൊപ്പി ഇട്ടുതരിക മാത്രമാണുണ്ടായത്. ബിജെപി സ്ഥാനാർത്ഥി വന്നപ്പോഴും ഇതേ പോലെ അവരെ സ്വീകരിച്ചിരുന്നുവെന്നും കപിലിന്‍റെ അച്ഛൻ ഗജ സിഗ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് 'ജയ് ശ്രീറാം' വിളിച്ചു കൊണ്ട് കപിൽ ഗുജ്ജർ എന്ന ഇരുപത്തിയഞ്ചുകാരൻ ഷഹീൻ ബാഗിലെ സമരപ്പന്തലിന് നേരെ വെടിയുതിർത്തതത്. പിന്നീട് ആം ആദ്മി പാർട്ടി പ്രവർത്തകനാണ് താൻ എന്ന് പൊലീസിനോട് കപിൽ സമ്മതിച്ചതായി ദില്ലി പൊലീസ് തന്നെയാണ് വാർത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. ഇയാളുടെ ഫോണിൽ അച്ഛനും ഇയാൾക്കും ആം ആദ്മി പാർട്ടി നേതാക്കൾ തൊപ്പി വച്ചുകൊടുക്കുന്ന ഫോട്ടോയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
എന്നാൽ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പൊലീസിനെ ഉപയോഗിച്ച് ബിജെപി കളിക്കുകയാണെന്ന വാദമാണ് ആം ആദ്മി പാർട്ടി ഉയർത്തുന്നത്. കപിൽ ഗുജ്ജർ ആം ആദ്മി പാർട്ടി അംഗമല്ല, കപിലിന്‍റെ അച്ഛനും പാർട്ടി അംഗമല്ല. പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിക്കുന്നില്ല. ഒരു ചുമതലയുമില്ല - പാർട്ടി വക്താക്കൾ വ്യക്തമാക്കി.
ഇതേവാദമാണ് കപിലിന്‍റെ അച്ഛനും ആവർത്തിക്കുന്നത്. ആം ആദ്മി പാർട്ടിയുമായി തനിക്കും തന്‍റെ മകനും ഒരു ബന്ധവുമില്ല. താൻ പണ്ട് ബിഎസ്‍പിയിൽ പ്രവർത്തിച്ചിരുന്നു എന്നാണ് അച്ഛൻ ഗജെ സിംഗ് പറയുന്നത്. ''2012-ൽ ബിഎസ്‍പി സ്ഥാനാർത്ഥിയായി ഞാൻ മത്സരിച്ചിരുന്നു. പിന്നീട് ആരോഗ്യം മോശമായപ്പോൾ രാഷ്ട്രീയം വിട്ടു. ഇപ്പോൾ രാഷ്ട്രീയബന്ധമൊന്നുമില്ല. തന്‍റെ മകനും രാഷ്ട്രീയബന്ധമില്ല. ഇവിടെ ബിജെപി സ്ഥാനാർത്ഥി വന്നപ്പോൾ ഇതേ പേലെ മാലയിട്ട് സ്വീകരിച്ചിരുന്നു. ഏത് സ്ഥാനാർത്ഥി വന്നാലും സ്വീകരിക്കും. ആ ഫോട്ടോയും കപിലിന്‍റെ ഫോണിലുണ്ടാകും.'', ഗജെ സിംഗ് പറയുന്നു.
സ്ത്രീകളും കുട്ടികളും ഇരിക്കുന്ന ഇടത്തേക്ക് മൂന്ന് തവണയാണ് കപിൽ ഗുജ്ജർ വെടിയുതിർത്തത്. അവിടെ നിന്ന് പൊലീസ് പിടിച്ചു കൊണ്ടുപോകുമ്പോൾ ''ഞങ്ങളുടെ രാജ്യം ഹിന്ദുക്കളുടേത് മാത്രമാണ്, വേറെ ആരുടേതുമല്ല'', എന്ന് ഗുജ്ജർ അലറിവിളിക്കുന്നത് കേൾക്കാമായിരുന്നു.
ഷഹീൻ ബാഗിലെ സമരം അമ്പത് ദിവസം പിന്നിടുകയാണ്. പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ അമ്മമാരും കുഞ്ഞുങ്ങളും ചേർന്ന് നടത്തുന്ന സമരം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രം കൂടിയാണ്. ഷഹീൻ ബാഗിലേത് രാജ്യവിരുദ്ധ സമരമാണെന്ന് ബിജെപി ആരോപിക്കുമ്പോൾ, വികസനമുൾപ്പടെയുള്ള സർക്കാർ നേട്ടങ്ങളെ ഇടിച്ചുകാണിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമാണ് സമരത്തെ ചൂണ്ടിക്കാട്ടിയുള്ള ബിജെപി പ്രചാരണമെന്ന് ആം ആദ്മി പാർട്ടിയും പറയുന്നു.
ജാമിയ മിലിയ സർവകലാശാലയിലുണ്ടായ വെടിവെപ്പിന് ശേഷമാണ് ഷഹീൻ ബാഗിലെ സമരക്കാർക്ക് നേരെയും വെടിവെപ്പുണ്ടായത്. ജാമിയ മിലിയയിൽ വെടിവച്ച അക്രമി പ്രായപൂർത്തിയാകാത്ത ആളാണെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. ''ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാലോം കോ'' (ദേശദ്രോഹികളെയെല്ലാം, വെടിവച്ച് കൊല്ലണം) എന്ന മുദ്രാവാക്യങ്ങൾ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെയടക്കം റാലികളിൽ ഉയരുകയും, കേന്ദ്രമന്ത്രി ഈ മുദ്രാവാക്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായതാണ്. ഇതേത്തുടർന്ന് 72 മണിക്കൂർ നേരത്തേക്ക് അനുരാഗ് ഠാക്കൂർ, പർവേശ് വർമ എന്നീ എംപിമാരെ പ്രചാരണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ഇവരുടെ പ്രചാരണങ്ങളിൽ വിദ്വേഷപ്രസംഗങ്ങളുണ്ടായിരുന്നു എന്ന് വ്യക്തമായതിനെത്തുടർന്നായിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam