നീതി ലഭിച്ചില്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഹോളി ദിനത്തിൽ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം കുടുംബം

By Web TeamFirst Published Apr 2, 2019, 12:35 PM IST
Highlights

രാഷ്ട്രീയ നേതാക്കളുടെ സമ്മർ‌ദ്ദത്തിന് വഴങ്ങി പൊലീസും പ്രാദേശിക ഭരണകൂടവും ആക്രമികൾക്ക് അനുകൂലമായി പ്രവർത്തിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

ഗുര്‍ഗോണ്‍: നീതി ലഭിച്ചില്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഹോളി ദിനത്തിൽ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം കുടുംബം. സംഭവത്തിൽ  പൊലീസ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കുടുംബം ആത്മഹത്യ ഭീഷണിമുഴക്കിയത്. രാഷ്ട്രീയ നേതാക്കളുടെ സമ്മർ‌ദ്ദത്തിന് വഴങ്ങി പൊലീസും പ്രാദേശിക ഭരണകൂടവും ആക്രമികൾക്ക് അനുകൂലമായി പ്രവർത്തിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

'​ഈ വിഷയം പൊതുമധ്യത്തിലുണ്ട്. ഗുണ്ടകൾ  എങ്ങനെയാണ് മുൻകൂട്ടി പദ്ധതിയിട്ട് ഞങ്ങളെ ആക്രമിച്ചതെന്ന്  ഓരോരുത്തർക്കും അറിയാം. എന്നിട്ടും ജില്ലാ പൊലീസ് ഞങ്ങളെ സഹായിക്കുന്നില്ല. ഞങ്ങൾ എഫ് ഐ ആർ പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്താന്‍ പൊലീസ് അവർക്ക് അനുവദം നൽകുകയാണ്'- ആക്രമണത്തിന് ഇരയായ മുഹമ്മദ് അക്തര്‍ പറഞ്ഞു. അവർ വീ‍ട്ടിൽ വന്ന് സ്ത്രീകളേയും പെണ്‍കുട്ടികളേയും ആക്രമിച്ചുവെന്നും തങ്ങൾക്ക് നീതി ലഭിക്കാൻ ഭരണകൂടവും പൊലീസും സഹായിച്ചില്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യുമെന്നും അക്തര്‍ കൂട്ടിച്ചേർത്തു.

തങ്ങൾക്കെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ കുടുംബത്തിലെ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. കേസിലെ പ്രതിയായ രാജ്കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കുടുംബത്തിനെതിരെ പൊലീസ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കേസെടുത്തിരുന്നു.

ഗുര്‍ഗോണില്‍  മാര്‍ച്ച് 21നാണ് സംഭവം നടന്നത്. വീടിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മുസ്ലീം കുടുംബത്തിലെ അംഗങ്ങളെ 25 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. പാകിസ്ഥാനിലേയ്ക്ക് പോകൂ, എന്നാക്രോശിച്ച് അക്രമികള്‍ യുവാക്കളെ വടിയും ലാത്തിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 
 

click me!