മൃതദേഹം സംസ്കരിക്കാൻ അനുമതി കൊടുത്തെന്ന യുപി സർക്കാർ വാദം പച്ചക്കള്ളം: ഹാഥ്റസ് യുവതിയുടെ കുടുംബം

By Web TeamFirst Published Oct 6, 2020, 1:17 PM IST
Highlights

പെൺകുട്ടി മരണപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സംസ്കാരം നടത്തിയത് കുടുംബത്തിൻ്റെ അനുമതിയോടെയായിരുന്നുവെന്നാണ് ഉത്ത‍ർപ്രദേശ് സ‍ർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞത്.

ദില്ലി: ഹാഥ്റസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച സംഭവത്തിൽ യുപി സ‍ർക്കാരിനെതിരെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. കുടുംബത്തിൻ്റെ അനുവാദം വാങ്ങിയാണ് മൃതദേഹം പുല‍ർച്ചെ സംസ്കരിച്ചതെന്ന യുപി സ‍ർക്കാരിൻ്റെ വാ​ദം കുടുംബം തള്ളി. പൊലീസ് നി‍ർബന്ധപൂ‍ർവ്വം മൃതദേഹം കൊണ്ടു പോയി സംസ്കരിക്കുകയായിരുന്നുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നെന്ന വാദവും തെറ്റായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പെൺകുട്ടി മരണപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സംസ്കാരം നടത്തിയത് കുടുംബത്തിൻ്റെ അനുമതിയോടെയായിരുന്നുവെന്നാണ് ഉത്ത‍ർപ്രദേശ് സ‍ർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞത്. പ്രദേശത്ത് വലിയ സംഘ‍ർഷത്തിന് സാധ്യതയുണ്ടെന്ന് ര​ഹസ്യാന്വേഷണ റിപ്പോ‍ർട്ടുണ്ടായിരുന്നു. ക്രമസമാധാനസാഹചര്യം കൂടി പരി​ഗണിച്ചാണ് തിരക്കിട്ട് സംസ്കാരം നടത്തിയതെന്നും യുപി സ‍ർക്കാർ വ്യക്തമാക്കിയിരുന്നു. 

തങ്ങളുടെ വീട്ടിലേക്കുള്ള രാഷ്ട്രീയകക്ഷി നേതാക്കളുടെ സന്ദർശനം രാഷ്ട്രീയമായി മാത്രം മാറരുതെന്ന് ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാം​ഗങ്ങളെ കാണാനായി വീട്ടിലെത്തിയ ഒരു നേതാവിനോടാണ് ഒരു കുടുംബാം​ഗം ഇങ്ങനെ പറഞ്ഞത്. 

തങ്ങൾക്ക് നീതി കിട്ടണം. ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരു ​ഗതിയുണ്ടാവരുതെന്നും യുവതിയുടെ കുടുംബം നേതാക്കളോട് പറഞ്ഞു. നീതി ഉറപ്പാക്കാൻ പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ഇന്ന് ഹാഥ്റസിലെത്തിയ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യുവതിയുടെ കുടുംബത്തോട് പറഞ്ഞു. വിഷയം കേന്ദ്രസ‍ർക്കാരിന് മുന്നിലെത്തിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും യെച്ചൂരി കുടുംബാം​ഗങ്ങളോട് പറഞ്ഞു. യുപി സ‍ർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് വൃന്ദ കാരാട്ട് ആരോപിച്ചു. 

click me!