ഹാഥ്റസ് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്കരിച്ചത് സംഘര്‍ഷമൊഴിവാക്കാന്‍; ന്യായീകരിച്ച് യുപി സർക്കാർ

By Web TeamFirst Published Oct 6, 2020, 11:49 AM IST
Highlights

സംസ്കാരത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നൽകിയിരുന്നുവെന്നും യു പി സർക്കാർ അവകാശപ്പെടുന്നു.  സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ന്യായീകരണം.

ദില്ലി: ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച രീതി സംബന്ധിച്ച് ന്യായീകരണവുമായി യുപി സർക്കാർ. മൃതദേഹം രാത്രിയിൽ സംസ്കരിച്ചത് സംഘർഷമൊഴിവാക്കാനാണെന്നാണ് യുപി സർക്കാർ വിശദീകരിക്കുന്നത്. രാത്രിയില്‍ മൃതദേഹം സംസ്കകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍  അനുമതി നൽകിയിരുന്നുവെന്നും യു പി സർക്കാർ അവകാശപ്പെടുന്നു.  

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ന്യായീകരണം. സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിലാകണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. നിക്ഷിപ്ത താൽപര്യക്കാർ തെറ്റായ പ്രചരണം നടത്തുകയാണെന്നും സർക്കാർ ആരോപിക്കുന്നു. കേസന്വേഷണത്തിന് നിയോഗിച്ച എസ്ഐടി സംഘം നാളെ സർക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. 

കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.  അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൂടിയാണ് ഹര്‍ജി കോടതിക്ക് മുന്‍പിലെത്തുന്നത്. 

click me!