Farmers: സംയുക്ത കിസാൻ മോർച്ചയുടെ അടിയന്തരയോഗം ഡിസംബർ ഒന്നിന്, വിശാല സംയുക്ത കിസാൻ മോർച്ച യോഗം ഡിസംബർ നാലിന്

By Web TeamFirst Published Nov 29, 2021, 9:25 PM IST
Highlights

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച ഒഴിവാക്കിയാണ് മൂന്നു നിയമങ്ങളും പാർലമെന്‍റ് പിൻവലിച്ചത്. കേന്ദ്ര നടപടി ജനാധിപത്യവിരുദ്ധമെന്ന് ആരോപിച്ച പ്രതിപക്ഷം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. 

ദില്ലി: സംയുക്ത കിസാൻ മോർച്ചയുടെ (Samyukta Kisan Morcha) അടിയന്തരയോഗം മറ്റന്നാൾ (ബുധനാഴ്ച) ചേരും. കാർഷിക നിയമം (Farm Laws) പാർലമെന്റിൽ പിൻവലിച്ച സാഹചര്യത്തിലാണ് അടിയന്തരയോഗം ചേരുന്നത്. മറ്റ് ആവശ്യങ്ങളും സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യത്തിലുറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. വിശാല സംയുക്ത കിസാൻ മോർച്ച യോഗം ഡിസംബർ നാലിന് നടക്കും. 

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്നാണ്( നവംബർ 29) പാർലമെന്‍റിന്റെ ഇരു സഭകളിലും പാസായത്. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച ഒഴിവാക്കിയാണ് മൂന്നു നിയമങ്ങളും പിൻവലിച്ചത്. ചർച്ച ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ആരോപിച്ച പ്രതിപക്ഷം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. 
 
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്, സർക്കാർ എല്ലാത്തിനും ഉത്തരം നല്കാൻ തയ്യാറാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞെങ്കിലും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് പാസാക്കാൻ രണ്ടു സഭകൾക്കു അഞ്ചു മിനുട്ടേ വേണ്ടി വന്നുള്ളൂ. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബില്ല് അവതരിപ്പിച്ച ഉടനെ ഇത് പാസ്സാക്കാനുള്ള നടപടിയിലേക്കും സ്പീക്കറും രാജ്യസഭ ഉപാദ്ധ്യക്ഷനും കടന്നു.

ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷം ചർച്ച വേണം എന്ന നിലപാടിൽ ഉറച്ചു നിന്നു. രാജ്യസഭയിൽ മല്ലികാർജ്ജുന ഖർഗെയ്ക്ക് രണ്ട് മിനിറ്റ് സംസാരിക്കാൻ അവസരം നൽകി. ചർച്ചയില്ലാതെ  ബില്ല് പാസാക്കിയത് ജനാധിപത്യവിരുദ്ധമായ രീതിയിലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ നിയമങ്ങൾ കാർഷിക വളർച്ചയ്ക്കായിരുന്നു എന്ന വാദം മന്ത്രി ആവർത്തിച്ചു. കർഷകരെ ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി ഐതിഹാസികമായ വിശാലമനസ്കതയാണ് കാട്ടിയതെന്നാണ് ന്യായീകരണം.

താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ടുള്ള ബഹളം തുടരാനാണ് പ്രതിപക്ഷ തീരുമാനം നിയമങ്ങളുടെ കാര്യത്തിൽ കനത്ത തിരിച്ചടി നേരിട്ട സർക്കാർ സഭയിൽ ചർച്ച ഒഴിവാക്കി കൂടുതൽ പരിക്ക് ഒഴിവാക്കാനാണ് ശ്രമിച്ചത്.

click me!