Farm Laws : കർഷകരുടെ മരണം; 'കണക്കില്ലെന്നാണ് മന്ത്രി പറയുന്നത്, ഇതാ കണക്കുകൾ, നടപടിയെടുക്കൂ'; ലോക്സഭയിൽ രാഹുൽ

By Web TeamFirst Published Dec 7, 2021, 12:45 PM IST
Highlights

'ഈ കണക്കുകൾ സഭയുടെ മേശപ്പുറത്ത് വെക്കുന്നു. കേന്ദ്ര സർക്കാർ സഹായ ധനവും ജോലിയും നൽകണം'. രാഹുൽ ​ഗാന്ധി പറഞ്ഞു

ദില്ലി: കാർഷിക നിയമ വിഷയത്തിൽ (Farm Laws) ലോക്സഭയിൽ (Loksabha) കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി (Rahul Gandhi) . സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിം​ഗ് തോമറിന്റെ  പരാമർശത്തിനെതിരെയാണ് രാഹുൽ പ്രതികരിച്ചത്. 

"സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന് കൃഷി മന്ത്രി പറയുന്നു. നാനൂറോളം കർഷക കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ 5 ലക്ഷം സഹായ ധനം നൽകി. ബാക്കിയുള്ള കുടുംബങ്ങൾക്ക് ജോലിയും നൽകി. ഈ കണക്കുകൾ സഭയുടെ മേശപ്പുറത്ത് വെക്കുന്നു. കേന്ദ്ര സർക്കാർ സഹായ ധനവും ജോലിയും നൽകണം." രാഹുൽ ​ഗാന്ധി പറഞ്ഞു. സമരത്തിൽ മരിച്ച കർഷകർക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി. 

കർഷക സമരത്തിന്റെ ഭാവി; സംയുക്ത കിസാൻ മോർച്ച യോഗം ആരംഭിച്ചു

ഭാവിസമര പരിപാടികൾ ആലോചിക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം സിംഘുവിൽ ആരംഭിച്ചു. കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ കടുത്ത അതൃപ്തിയിലാണ്  സംഘടനകൾ. സർക്കാരുമായി ചർച്ച ചെയ്യാൻ അഞ്ച് മുതിർന്ന കർഷക നേതാക്കളുടെ സമിതിയെ കിസാൻ മോർച്ച നിയോഗിച്ചിരുന്നു. എന്നാൽ ചർച്ച സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് സമിതിക്ക് ഇതുവരെ ആശയവിനിമയം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സമരം കൂടൂതൽ ശക്തമാക്കാനും അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിക്കാനുമുള്ള തീരുമാനമുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. സർക്കാരുമായി ചർച്ച നടക്കാതെ അതിർത്തികളിലെ സമര രീതി മാറ്റേണ്ടെന്ന നിലപാടിലാണ് സംഘടനകൾ.

സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിനു നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്ന് ഇവർ പറയുന്നു.

click me!