കിലോക്ക് വെറും ഒരുരൂപ 100 ക്വിന്‍റല്‍ ക്വാളിഫ്ലവര്‍ റോഡില്‍ തള്ളി കര്‍ഷകന്‍

By Web TeamFirst Published Feb 3, 2021, 5:17 PM IST
Highlights

ജഹാനാബാദ് സ്വദേശിയായ മുഹമ്മദ് സലീമെന്ന കര്‍ഷകനാണ് കടുത്ത നിലപാട് സ്വീകരിച്ചത്. വിളവ് മാര്‍ക്കറ്റിലെത്തിക്കാന്‍ ചെലവായ തുകയുടെ അടുത്ത് പോലും എത്താന്‍ ഈ വില സഹായിക്കില്ലെന്ന് മുഹമ്മദ് സലീം 

പിലിഭിത്ത്: ഏറെ പാടുപെട്ട് കൃഷി ചെയ്തുണ്ടാക്കിയ വിളവിന് തുച്ഛവിലയുമായി വ്യാപാരികളെത്തിയതോടെ 10 ക്വിന്‍റല്‍ ക്വാളിഫ്ളവര്‍ റോഡിലുപേക്ഷിച്ച് കര്‍ഷകന്‍. പിലിഭിത്തിലെ ലൈസന്‍സുള്ള വ്യാപാരികള്‍ ക്വാളിഫ്ലവറിന് നല്‍കാമെന്ന് പറഞ്ഞത് കിലോയ്ക്ക് ഒരു രൂപയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകന്‍റെ നടപടി. ആവശ്യമുള്ളവര്‍ എടുത്തുകൊണ്ട് പൊയ്ക്കോട്ടെയെന്ന് വ്യക്തമാക്കിയാണ് ക്വാളിഫ്ലവര്‍ ഉപേക്ഷിച്ചത്. ജഹാനാബാദ് സ്വദേശിയായ മുഹമ്മദ് സലീമെന്ന കര്‍ഷകനാണ് കടുത്ത നിലപാട് സ്വീകരിച്ചത്.

വിളവ് മാര്‍ക്കറ്റിലെത്തിക്കാന്‍ ചെലവായ തുകയുടെ അടുത്ത് പോലും എത്താന്‍ ഈ വില സഹായിക്കില്ലെന്ന് മുഹമ്മദ് സലീം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുന്നത്. തിരികെ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള പണം കയ്യിലില്ലെന്നും സലീം പറയുന്നു. അരയേക്കറോളം ഭൂമിയിലാണ് സലീം ക്വാളിഫ്ലവര്‍ കൃഷി ചെയ്യുന്നത്. വിത്തിന് മാത്രമായി 8000 രൂപയാണ് സലീമിന് ചെലവായത്. കൃഷി, വെള്ളം, വളം എന്നിവയ്ക്കായി ഇതിന് പുറമേയാണ് ചെലവ്. ക്വാളിഫ്ലവറിന്‍റെ റീട്ടെയില്‍ വില 12 മുതല്‍ 14 വരെയാണ്. അതിനാല്‍ 8 രൂപയെങ്കിലും തന്‍റെ ക്വാളിഫ്ലവറിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സലീം മാര്‍ക്കറ്റിലെത്തിയത്.

നാലായിരം രൂപയോളം ചെലവിട്ടാണ് വിളവ് മാര്‍ക്കറ്റിലെത്തിച്ചത്. ഒരു രൂപ നല്‍കാമെന്ന് പറയുമ്പോള്‍ തനിക്ക് വേറെ മാര്‍ഗമില്ലെന്നാണ് കര്‍ഷകന്‍ പറയുന്നത്. അടുത്ത തവണ കൃഷി ഇറക്കാനുള്ള മുടക്കുമുതല്‍ പോലും ഇത്തവണ കിട്ടിയില്ലെന്നും സലീം പറയുന്നു. സ്വകാര്യ ബാങ്കില്‍ നിന്ന് വന്‍തുകയ്ക്ക് ലോണ്‍ എടുത്തതായും സലീം പറയുന്നു. സാധാരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ലോണുകള്‍ നല്‍കാന്‍ വിസമ്മതിച്ചതായും സലീം പറയുന്നു.

ഇനി കുടുംബം പോറ്റാന്‍ കൂലിപ്പണി എടുക്കേണ്ടി വരേണ്ടി വരുന്ന അവസ്ഥയാണെന്നും ഈ കര്‍ഷകന്‍ പറയുന്നു. 15000 രൂപയോളം ചെലവ് ക്വാളിഫ്ലവര്‍ കൃഷിക്കുള്ളപ്പോഴാണ് കിലോയ്ക്ക് ഒറു രൂപ എന്ന വാഗ്ദാനം കര്‍ഷകന് ലഭിക്കുന്നതെന്നതാണ് ഖേദകരമായ വസ്തുത.  എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ക്വാളിഫ്ലവറിന് താങ്ങുവില പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് വ്യാപാരികള്‍ വിശദമാക്കുന്നത്. 

click me!