ഗോതമ്പ് വില്‍ക്കാന്‍ രണ്ട് ദിവസം 'ക്യൂ' നിന്നു; കര്‍ഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By Web TeamFirst Published Jun 1, 2020, 6:42 PM IST
Highlights

ഗോതമ്പുമായി മെയ് 29നാണത്രേ ജയിരാം വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കൊറോണക്കാലമായതിനാല്‍ സാമൂഹികാകലം പാലിച്ചുകൊണ്ടാണ് ശേഖരണകേന്ദ്രത്തില്‍ 'ക്യൂ' ഉണ്ടായിരുന്നത്. ഇവിടെ ഒരു പകല്‍ മുഴുവന്‍ നിന്നെങ്കിലും ഗോതമ്പ് വില്‍ക്കാനായില്ല. തുടര്‍ന്ന് അവിടെത്തന്നെ തങ്ങിയ ശേഷം പിറ്റേന്നും പകല്‍ 'ക്യൂ' തുടരുകയായിരുന്നു
 

ദേവാസ്: ഗോതമ്പ് വില്‍ക്കാനായി ശേഖരണകേന്ദ്രത്തില്‍ രണ്ട് ദിവസമായി 'ക്യൂ' നിന്ന കര്‍ഷകന്‍ ഹൃദയാഘാതം വന്ന് മരിച്ചു. മദ്ധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ ജയിരാം മണ്ഡോലിയാണ് മരിച്ചത്. 

ഗോതമ്പുമായി മെയ് 29നാണത്രേ ജയിരാം വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കൊറോണക്കാലമായതിനാല്‍ സാമൂഹികാകലം പാലിച്ചുകൊണ്ടാണ് ശേഖരണകേന്ദ്രത്തില്‍ 'ക്യൂ' ഉണ്ടായിരുന്നത്. ഇവിടെ ഒരു പകല്‍ മുഴുവന്‍ നിന്നെങ്കിലും ഗോതമ്പ് വില്‍ക്കാനായില്ല. 

തുടര്‍ന്ന് അവിടെത്തന്നെ തങ്ങിയ ശേഷം പിറ്റേന്നും പകല്‍ 'ക്യൂ' തുടരുകയായിരുന്നു. എന്നാല്‍ ഇതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തളര്‍ന്നുവീഴുകയുമായിരുന്നു. അധികം വൈകാതെ തന്നെ ജയിരാം മരിക്കുകയും ചെയ്തു. 

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മണിക്കൂറുകളോളം 'ക്യൂ'വില്‍ നിന്നത് അച്ഛനെ അവശനാക്കിയെന്നും അതിനാലാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതെന്നും ജയിരാമിന്റെ മകന്‍ സച്ചിന്‍ മണ്ഡോലി പറയുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് അറിയിച്ചിട്ടുണ്ട്. 

അതേസമയം സാമൂഹികാകലം പാലിച്ചുകൊണ്ട് 'ക്യൂ' നില്‍ക്കുന്നത് കര്‍ഷകരെ സംബന്ധിച്ച് വലിയ പ്രശ്‌നമാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നുമുള്ള ആവശ്യം ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും സാമൂഹികാകലം പാലിച്ചുകൊണ്ടുള്ള 'ക്യൂ' ആളുകളെ ശാരീരികമായി ബാധിക്കുന്നുണ്ട്. എന്നാല്‍ മറ്റ് നിവൃത്തികളില്ലാത്തതിനാല്‍ തന്നെ ഈ രീതി പിന്തുടരാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയാണ്.

Also Read:- 'ജനങ്ങളിലേക്ക് പണം നേരിട്ടെത്തിക്കണം', കേന്ദ്രപാക്കേജ് അപര്യാപ്തമെന്ന് രാഹുൽ...

click me!