കൃഷിക്ക് നിലം ഉഴുതപ്പോൾ പൊങ്ങിവന്നത് രണ്ടു കുടം സ്വർണാഭരണങ്ങൾ; നിധിയില്‍ അമ്പരന്ന് കര്‍ഷകന്‍

By Web TeamFirst Published Jun 3, 2020, 6:34 PM IST
Highlights

രണ്ടു വര്‍ഷം മുന്‍പാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ ഭൂമി വാങ്ങിയത്. മഴക്കാലം അടുത്തതോടെ നിലം ഉഴുതുമറിച്ച് കൃഷിക്കായി ഒരുക്കാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഹൈദരാബാദ്: കൃഷിക്കായി നിലം ഉഴുതപ്പോൾ കർഷകന് ലഭിച്ചത് രണ്ട് കുടം നിധി. തെലങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സിദ്ദിഖി എന്ന കർഷകന്റെ ഭൂമിയിൽ നിന്നാണ് രണ്ടു കുടങ്ങളിലായി സ്വര്‍ണം, വെളളി ആഭരണങ്ങൾ ലഭിച്ചത്.

രണ്ടു വര്‍ഷം മുന്‍പാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ ഭൂമി വാങ്ങിയത്. മഴക്കാലം അടുത്തതോടെ നിലം ഉഴുതുമറിച്ച് കൃഷിക്കായി ഒരുക്കാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. പണികൾ പുരോ​ഗമിക്കുന്നതിനിടെ ബുധനാഴ്ചയാണ് നിധി ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ തന്നെ മുഹമ്മദ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ നിധി ഏറ്റെടുത്തു. ഇതിന്റെ കാലപഴക്കം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിശോധിക്കാനുളള തീരുമാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സ്ഥലത്തിന് ചരിത്രപരമായ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും പുരാവസ്തു വകുപ്പിനെ കാര്യങ്ങള്‍ അറിയിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടു കുടങ്ങളിലായി 25 സ്വര്‍ണം, വെളളി ആഭരണങ്ങളാണ് ലഭിച്ചത്. ഇതിൽ ഏറെയും പാദസരമായിരുന്നുവെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

click me!