കർഷക നേതാക്കള്‍ നിരാഹാര സമരം തുടങ്ങി; ഇന്ന് 9 മണിക്കൂർ നിരാഹാരം, പിന്തുണച്ച് കെജ്‍രിവാളും

By Web TeamFirst Published Dec 14, 2020, 10:08 AM IST
Highlights

20 നേതാക്കളാണ് സിഘു അതിര്‍ത്തിയില്‍ നിരാഹാരം നടത്തുന്നത്. ദില്ലിയിലെ ഐടിഒ ഉപരോധിച്ചുള്ള സമരവും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഗു, ഗാസിപ്പൂർ, ഹരിയാന രാജസ്ഥാൻ അതിർത്തി എന്നിവിടങ്ങൾ ഉപരോധിച്ചുള്ള സമരം തുടരുകയാണ്. 

ദില്ലി: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം. ജില്ല സംസ്ഥാന കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടങ്ങൾ  നടക്കും. ദില്ലി അതിർത്തികളിൽ സമരം ഇരിക്കുന്ന കർഷക നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിഘു അതിര്‍ത്തിയില്‍ നിരാഹാരം നടത്തുന്നത്. ദില്ലിയിലെ ഐടിഒ ഉപരോധിച്ചുള്ള സമരവും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഗു, ഗാസിപ്പൂർ, ഹരിയാന രാജസ്ഥാൻ അതിർത്തി എന്നിവിടങ്ങൾ ഉപരോധിച്ചുള്ള സമരം തുടരുകയാണ്. 

കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമഭേദഗതികൾക്കെതിരെയും ചർച്ചയ്ക്ക് തയ്യാറാകാത്തതിലും പ്രതിഷേധിച്ച് കർഷകർ ഇന്ന് ഒമ്പത് മണിക്കൂർ നിരാഹാരസമരം അനുഷ്ഠിക്കും. ഇതിന് പിന്തുണയുമായി രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണകൾ നടക്കും. കർഷകർക്ക് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഇന്ന് നിരാഹാര സമരം ഇരിക്കും. കർഷകർ നിരാഹാരത്തിലേക്ക് നീങ്ങി നിലപാട് കടുപ്പിക്കുമ്പോൾ, തീർത്തും സമാധാനപരമായ സമരം എങ്ങനെ നേരിടണമെന്നറിയാതെ കേന്ദ്രസർക്കാർ ദില്ലിയിലെ തണുപ്പിലും വിയർക്കുകയാണ്.

രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതൽ കർഷകർ ഉപരോധിച്ച് തുടങ്ങിയിരുന്നു. രാജസ്ഥാൻ - ഹരിയാന അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു. ചർച്ചയ്ക്കുള്ള ക്ഷണം സർക്കാർ ആവർത്തിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു.

click me!