
ദില്ലി: കർഷകരുടെ ദില്ലി ചലോ മാർച്ചുമായി ബന്ധപ്പെട്ട് സമരം പരിഹരിക്കുന്നതിനായി കർഷകരും കേന്ദ്രവും തമ്മിൽ ഇന്ന് നടത്താനിരുന്ന ഓൺലൈൻ ചർച്ച മാറ്റിവെച്ചു. ഓൺലൈൻ യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ പറ്റാത്തതിനാലാണ് ചർച്ച മാറ്റിവെച്ചത്. നാളെ വൈകുന്നേരം 5 മണിക്ക് ചണ്ഡീഗഡിൽ വെച്ച് ചർച്ച നടക്കും. ചർച്ചയിലെ തീരുമാനം അനുസരിച്ച് ദില്ലിക്ക് പോകുന്നത് തീരുമാനിക്കും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കർഷക നേതാക്കളെ നേരിട്ട് കണ്ടു. സംഘർഷമുണ്ടാക്കാനല്ല സമരമെന്നും നാളെ സമാധാനപരമായി അതിർത്തികളിൽ ഇരിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.
അതേ സമയം, കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിൽ അതിര്‍ത്തികളില്‍ ഇന്നലെയും വ്യാപക സംഘര്‍ഷം നടന്നു. രാത്രിയിലും വിവിധയിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഇന്നലെ വൈകിട്ടോടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കര്‍ഷകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തി. ഹരിയാനയിലെ ശംഭു അതിര്‍ത്തിയിൽ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ഇവിടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ തുടരുകയാണ്. പ്രതിഷേധക്കാരെ അകറ്റി നിർത്താനായി രാത്രിയിലും ഹരിയാന പൊലീസ് തുടർച്ചയായി ഗ്രനേഡ് പൊട്ടിച്ചു.
ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് രാവിലെ കര്‍ഷകര്‍ പഞ്ചാബില്‍നിന്നും ഹരിയാനയിൽനിന്നും ദില്ലിയിലേക്ക് തിരിച്ചത്. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്‍റെ പഞ്ചാബ് സർക്കാരിന്‍റെ പിന്തുണയുണ്ട്. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. ഹരിയാന അതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ് .7 ജില്ലകളിൽ നിരോധനാജ്ഞയും ഇൻറർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ദില്ലിയിലും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam