നിലപാടില്‍ മാറ്റമില്ലാതെ കര്‍ഷകര്‍; കേന്ദ്ര സര്‍ക്കറുമായി 11ാംവട്ട ചര്‍ച്ച ഇന്ന്

By Web TeamFirst Published Jan 22, 2021, 7:28 AM IST
Highlights

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും.
 

ദില്ലി: കൃഷി നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ദില്ലി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് 11ആം വട്ട ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും. കാര്‍ഷിക വിഷയം പഠിക്കുന്നതിന് സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി. ഒരു സമിതി രൂപീകരിക്കാമെന്നും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി.

സമരം ശക്തമായി തുടരാനാണ് സംഘടനകളുടെ തീരുമാനം. കാര്‍ഷിക നിയമം ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലും മാറ്റമില്ല. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.

സമരം നിര്‍ത്തുകയാണെങ്കില്‍ ഒന്നരവര്‍ഷത്തോളം നിയമങ്ങള്‍ മരവിപ്പിക്കും, കര്‍ഷകരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് സമിതി ഉണ്ടാക്കും എന്നിവയായിരുന്നു ചര്‍ച്ചയിലെ പുതിയ നിര്‍ദ്ദേശങ്ങള്‍. ഇവ രണ്ടും ഇന്ന് ചേര്‍ന്ന കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം തള്ളി. പുതിയ നിയമം പിന്‍വലിക്കും വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. കര്‍ഷക സമരത്തിന് ബഹുജന പിന്തുണ വര്‍ധിക്കുന്നതായും യോഗം വിലയിരുത്തി.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംബന്ധിച്ച് ദില്ലി പൊലീസ് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി. റാലി നടത്താന്‍ ദില്ലി നഗരത്തിലെ വഴി ഒഴിവാക്കി മറ്റൊന്ന് പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും കര്‍ഷക സംഘടനകള്‍ വഴങ്ങിയില്ല. ട്രാക്ടര്‍ റാലി നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇതിനിടെ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്ന കര്‍ഷകരുമായി സുപ്രീംകോടതി നിയോഗിച്ച സമിതി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി.
 

click me!