സമരം ശക്തമാക്കാൻ കർഷകർ, അമിത് ഷായുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും, പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതിയെ കാണും

By Web TeamFirst Published Dec 9, 2020, 7:15 AM IST
Highlights

താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉറപ്പ് എഴുതി നൽകാമെന്നാണ് അമിത് ഷാ ഇന്നലെ നടന്ന മൂന്നുമണിക്കൂര്‍ ചര്‍ച്ചയിൽ വ്യക്തമാക്കിയത്. നിര്‍ദേശങ്ങൾ പുതിയതല്ലെന്ന് പറഞ്ഞ കര്‍ഷക സംഘടനകൾ ഇന്ന് സര്‍ക്കാര്‍ വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു

ദില്ലി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ ചര്‍ച്ച ചെയ്യും. താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉറപ്പ് എഴുതി നൽകാമെന്നാണ് അമിത് ഷാ ഇന്നലെ നടന്ന മൂന്നുമണിക്കൂര്‍ ചര്‍ച്ചയിൽ വ്യക്തമാക്കിയത്. നിര്‍ദേശങ്ങൾ പുതിയതല്ലെന്ന് പറഞ്ഞ കര്‍ഷക സംഘടനകൾ ഇന്ന് സര്‍ക്കാര്‍ വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്ന നിലപാട് സംഘടനകൾ ആവര്‍ത്തിക്കുകയാണ്. 

അതേ സമയം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, എൻ സി പി അധ്യക്ഷൻ ശരത് പവാർ എന്നിവർക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും. 5 മണിക്ക് രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാനാണ് തീരുമാനം. കർഷകരുടെ സമരത്തിന് 18 പ്രതിപക്ഷ കക്ഷികൾ ഇതിനോടകം പിന്തുണയറിയിച്ചിരുന്നു.

click me!