കർഷകർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് യുഎൻ പ്രതിനിധി

By Web TeamFirst Published Dec 5, 2020, 5:58 PM IST
Highlights

 അന്റോണിയോ ഗുട്ടെറസിന്റെ പ്രതിനിധി സ്റ്റീഫൻ ഡുജാരിക് ആണ് പ്രതികരിച്ചത്. 

തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും, അതിന്റെ പേരിൽ സമാധാനപരമായി പ്രതിഷേധിക്കാനും കർഷകർക്ക് അവകാശമുണ്ട് എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രതിനിധി സ്റ്റീഫൻ ഡുജാരിക് പ്രസ്താവിച്ചു. ഇതിനു മുമ്പ് വിദേശ നയതന്ത്ര പ്രതിനിധികളിൽ നിന്നും രാഷ്ട്ര നേതാക്കളിൽ നിന്നുമൊക്കെ ദില്ലിയിലെ കർഷക സമരങ്ങളെപ്പറ്റി ഉണ്ടായിട്ടുള്ള പ്രതികരണങ്ങളെ എല്ലാം തന്നെ 'അനവസരത്തിലുള്ള അനാവശ്യ വിവരക്കേടുകൾ' എന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടുള്ളത്. 

കഴിഞ്ഞ ദിവസം കർഷക സമരങ്ങളെ അനുകൂലിച്ചുകൊണ്ട്, കർഷകരുടെ ആവശ്യങ്ങൾ ചെവിക്കൊള്ളണം എന്നുള്ള പരാമർശം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാഗത്തുനിന്നുണ്ടായതിന്റെ പിന്നാലെ, വെള്ളിയാഴ്ച കനേഡിയൻ ഹൈ കമ്മീഷണറെ കേന്ദ്രം വിളിച്ചു വരുത്തി തങ്ങളുടെ അമർഷം നേരിട്ട് അറിയിച്ചിരുന്നു. വേണ്ടത്ര അറിവില്ലാതെ, കർഷകരുടെ സമരത്തെപ്പറ്റി പ്രധാനമന്ത്രി ട്രൂഡോ നടത്തിയ പരാമർശം, ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നും, അത് ഇനിയും ആവർത്തിക്കുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കും എന്നും കേന്ദ്രം ശാസിച്ചിരുന്നു. 

കഴിഞ്ഞ കുറേ ദിവസങ്ങളായി, പഞ്ചാബിൽ നിന്നും മറ്റുമുള്ള കർഷകർ ദില്ലി അതിർത്തിയിലെത്തി, കേന്ദ്രത്തിന്റെ പുതിയ കർഷക നിയമങ്ങൾക്കെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വിളകൾക്കുള്ള താങ്ങുവില നിർത്തലാക്കി, ഇടനിലക്കാർക്കു പകരം എല്ലാം കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നയം തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകരുടെ സമരം. എന്നാൽ, ഈ പുതിയ നിയമങ്ങൾ കർഷകർക്ക് ഗുണമേ ചെയ്യൂ എന്നും, അത് നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ടില്ല എന്നുമുള്ള നിലപാടിൽ നിന്ന് കേന്ദ്രവും അനങ്ങാത്തതുകൊണ്ട്, സമരം ഇപ്പോഴും അതേ തീവ്രതയോടെ തന്നെ തുടരുകയാണ്. 
 

click me!